തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എൻ.നാരായണൻ നായർ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ്.

കേരള സർവ്വകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ പിഎച്ച്ഡി ലഭിച്ചയാളാണ്. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ ചഡഅഘട സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മുൻ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണൻ, ലക്ഷ്മി നായർ ( ലോ അക്കാദമി മുൻ പ്രിൻസിപ്പൽ) നാഗരാജ് നാരായണൻ(കേരള ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ)എന്നിവരാണ് മക്കൾ. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ സഹോദരനാണ്.

എൻ.നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ നിയമപഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്‌നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലയ്ക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.