തിരുവനന്തപുരം: ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന മാഫിയ കേരളത്തിലെ പെൺകുട്ടികളെ സെക്സ് റാക്കറ്റിന്റെ കണ്ണികളാക്കി മാറ്റുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത നേരത്തെ പുറത്തു വന്നിരുന്നു. ദുബായിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളെ ഗ്ലാമറിന്റെ മറവിലാണ് അഞ്ചരക്കണ്ടിക്കാൻ നബീൽ അബ്ദുൾ ഖാദറും സംഘവും വലയിലാക്കിയിരുന്നത്. ലോക്ഡൗണോടെ ഇങ്ങനെ സ്വർണം കടത്താൻ കഴിയാതെയായി. ഇതോടെ പുതിയ വഴിയിലേക്ക് അവർ നീങ്ങി. അങ്ങനെയാണ് കാരിയർമാരിലേക്ക് കാര്യങ്ങളെത്തുന്നത്. ഇതുകൊടുവള്ളി-കണ്ണൂർ സംഘങ്ങളിലേക്കുള്ള ഭിന്നതയിലേക്കും കാര്യങ്ങളെത്തിച്ചു.

ദുബായിൽ നിന്ന് സ്വർണം കടത്തുന്ന നബീലിന്റെ നേതൃത്വത്തിലാണ് കേരളത്തിലുള്ള കാരിർമാരെ പ്രലോഭിപ്പിച്ച് സ്വർണം കടത്തിലേക്കും പെൺകുട്ടികളെ സെക്സ് റാക്കറ്റിലേക്കും വീഴ്‌ത്തുന്നത്. സമ്പന്ന-അടിപൊളി ജീവിതം വാഗ്ദാനം ചെയ്താണ് യുവാക്കളെ സ്വർണം കടത്തിൽ കുരുക്കുന്നത്. കേരളത്തിൽ പിടികിട്ടാ പുള്ളിയായ നബീൽ അബ്ദുൾ ഖാദർ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയാണ്. ദുബായിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നബീലായിരുന്നു കൊടുവള്ളിക്കാരുടെ വിശ്വസ്തൻ. കൊടി സുനി അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള വ്യക്തി.

മുൻപ് സ്വർണം കടത്ത് കേസിൽ കുടുങ്ങിയ മുഹമ്മദ് ഫയാസിന്റെ റോൾ സ്വർണം കടത്തിൽ പ്രധാനമാണ്. ദുബായിൽ നിന്ന് സ്വർണം കടത്തുന്ന മുഹമ്മദ് ഫയാസിനും നബീൽ അബ്ദുൾ ഖാദറിന്മൊക്കെയുള്ളത് ശക്തമായ സിപിഎം ബന്ധങ്ങളാണ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ മുഹമ്മദ് ഫയാസിന്റെ വലംകൈ ആയ നബീൽ ഇപ്പോഴും ദുബായിൽ നിന്നുള്ള സ്വർണം കടത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ഫയാസിന്റെ തണലിൽ വളർന്ന നബീൽ പിന്നീട് കൊടുവള്ളി സംഘത്തെ കൈവിട്ടു. പൂർണ്ണമായും കണ്ണൂർ കേന്ദ്രീകരിച്ച് സ്വന്തം സംഘമുണ്ടാക്കി. കൊടി സുനി അടക്കമുള്ളവരുമായി ചേർന്ന് കടത്തിന് പുതിയ മാനം നൽകി. ഇതാണ് രാമനാട്ടുകരയിലെ അപകടത്തിലൂടെ ചർച്ചയായ കൊടുവള്ളി സ്വർണ്ണ കടത്തിലേക്കും കാര്യങ്ങളെത്തിക്കുന്നത്. ദുബായിലുള്ള നബീലിനെ പിടികൂടിയാൽ സ്വർണ്ണ കടത്തിലെ അടിവേര് ഇളക്കാനാകുമെന്ന് കേന്ദ്ര ഏജൻസികൾക്ക് അറിയാം. അർജുൻ ആയങ്കിയുടെ സംഘത്തെ നിയന്ത്രിക്കുന്നതും നബീലാണെന്നാണ് സൂചന.

തനിക്കൊരു ബോസുണ്ടെന്ന് അർജുൻ ആയങ്കി കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയ ബന്ധങ്ങളുള്ള ബോസിന്റെ പേര് ആയങ്കി പറഞ്ഞു കഴിഞ്ഞുവെന്നാണ് സൂചന. ഈ ബോസുമായും അടുത്ത ബന്ധമാണ് നബീലിനുള്ളത്. ഒരർത്ഥത്തിൽ സ്വർണ്ണ കടത്തിൽ ആയങ്കിയുടെ ബോസ് പ്രവർത്തിക്കുന്നത് ഈ അഞ്ചരക്കണ്ടിക്കാരന്റെ നിർദ്ദേശ പ്രകാരമാണ്. കണ്ണൂരിൽ വിമാനത്താവളം എത്തിയതോടെയാണ് കൊടുവള്ളി സംഘത്തെ വെട്ടി കടത്തിന്റെ കുത്തക നബീൽ ഏറ്റെടുക്കാൻ ശ്രമിച്ചത്. ലോക്ഡൗണിൽ കരിപ്പൂരിലേക്കും ഈ സംഘം കണ്ണുവച്ചു. അങ്ങനെയാണ് സ്വർണ്ണ കടത്ത് പൊട്ടിക്കലിന് കണ്ണൂർ ടീം പദ്ധതികളൊരുക്കിയത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന നബീലിന്റെ തലതൊട്ടപ്പൻ മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസും വഴക്കുമായപ്പോൾ ഫയാസ് പതിയെ കടത്തിലെ ഇടപെടൽ കുറച്ചു. ഈ അവസരം മുതലെടുത്ത് നബീൽ വളർന്നു. ലുക്ക് ഔട്ട് നോട്ടീസുള്ള നബീൽ നേപ്പാൾ വഴി അതീവ രഹസ്യമായി കേരളത്തിൽ എത്താറുണ്ട്. തിരുവനന്തപുരം സ്വർണ്ണ കടത്തിന് പിന്നിലേയും പ്രധാന ബുദ്ധി കേന്ദ്രം നബീലായിരുന്നു. ഇന്ന് കൊടുവള്ളിക്കാരുടെ പ്രധാന ശത്രുവാണ് നബീൽ എന്നാണ് സൂചന.

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ സിപിഎമ്മിന്റെ മാനസ പുത്രനായിരുന്നു ഒരു സമയത്ത്. ഇടത് മുന്നണി എംഎ‍ൽഎ പി.ടി.എ റഹീം, മുൻ എംഎൽഎ കാരാട്ട് റസാഖ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഫൈസൽ. പി.ടി.എ റഹീം മുസ്ലിം ലീഗ് വിട്ട കാലത്ത് അദ്ദേഹം രൂപീകരിച്ച പാർട്ടിയിലെ നേതാവായിരുന്നു കാരാട്ട് ഫൈസൽ. അതിലുപരി റഹീമിന്റെ അടുത്ത ബന്ധുവും കൂടിയാണ് ഇയാൾ. കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഇയാളുടെ മിനി കൂപ്പറിൽ സഞ്ചരിച്ചതും ആതിഥ്യം സ്വീകരിച്ചതും വലിയ വിവാദമായിരുന്നു.

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ ഏഴാം പ്രതിയാണ് കാരാട്ട് ഫൈസൽ. 2013 നവംബർ 8നാണ് 6 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതി ഷഹബാസാണ്. തലശേരിയിലെ റാഹില ചീരായി,പുൽപ്പള്ളി സ്വദേശിയും എയർ ഹോസ്റ്റസുമായ ഹിറാമോസ.വി.സെബാസ്റ്റ്യൻ എന്നിവരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് കൊടുവള്ളി സ്വദേശികളായ ഷഹബാസ് ബന്ധു അബ്ദുൽ ലെയ്സ്, മുഹമ്മദ് അഷറഫ് എന്നിവരും പിടിയിലായി. ഇവർക്കൊപ്പം നബീലും കുടുങ്ങി.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് 2014 മാർച്ച് 27നാണ് ഫൈസലിനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തത്. ഈ കേസിലാണ് നബീൽ ആദ്യം പിടിയിലാകുന്നത്. ഇതിന് ശേഷം സ്വന്തം വഴിക്ക് സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു നബീൽ.