മലപ്പുറം: കണ്ണൂർ പാനൂർ പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ പുറത്തുവന്ന സിപിഎം നേതാവ് പി.ജയരാജന്റെ മകൻ ജെയിൻ രാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷനും പെരിന്തൽമണ്ണ യുഡിഎഫ് സ്ഥാനാർത്ഥിയുമായ നജീബ് കാന്തപുരമാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

'അറബിയിൽ ഒരു ചൊല്ലുണ്ട്. 'മകൻ പിതാവിന്റെ പൊരുളാണ്'. അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണം കയ്യിലിരിക്കുന്ന ഹുങ്കിൽ എല്ലാക്കാലത്തും പാവങ്ങൾക്ക് മേൽ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ട. ഭരണം മാറും, നല്ല നാളുകൾ വരും.' ജെയിൻ രാജിന്റെ വിവാദ പോസിറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

പാനൂർ പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രകോപനപരമായ പോസ്റ്റുമായി സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ് രംഗത്ത് വന്നത്. 'ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി' എന്നാണു ജെയിൻ രാജിന്റെ പേരിലുള്ള ഫേസ്‌ബുക് അക്കൗണ്ടിൽ പോസ്റ്റ് വന്നത്. പാനൂരിൽ ലീഗ് അക്രമത്തിൽ സിപിഎം പ്രവർത്തകർക്കു പരുക്കേറ്റെന്ന ദേശാഭിമാനി വാർത്ത ഇതിനു തൊട്ടുമുൻപു ജെയിൻ ഷെയർ ചെയ്തിരുന്നു.

മകന്റെ പേരിലുള്ള പോസ്റ്റ് വിവാദമായതോടെ ഇതിനെ തള്ളിപ്പറഞ്ഞു പി.ജയരാജൻ ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരുന്നു. ഏതു സാഹചര്യത്തിലാണു മകൻ ഇങ്ങനെയൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തോടു താൻ യോജിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ പാർട്ടി അനുഭാവികൾ ഏർപ്പെടണമെന്ന ആഹ്വാനവും പോസ്റ്റിലുണ്ടായിരുന്നു.

മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ പത്തിലധികം പേർക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു.

പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൻസൂറിന്റെ അയൽവാസിയുമായ ഷിനോസാണ് പിടിയിലായത്.