കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിൽ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി എം മെഷീനുകൾ സൂക്ഷിച്ചുവെയ്ക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജി നന്ദിഗ്രാമിൽ പരാജയപ്പെട്ടിരുന്നു. എതിർ സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മമത നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സാധാരണയായി ആറ് മാസത്തേക്കാണ് സൂക്ഷിക്കുക. ഇത് നീട്ടണമെന്നായിരുന്നു മമതയുടെ അഭിഭാഷകന്റെ ആവശ്യം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും എംഎ‍ൽഎയുമായ സുവേന്ദു അധികാരിക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രേഖകൾ, ഡിവൈസുകൾ, വിഡിയോ റെക്കോർഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണം.

തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വി.വി.പാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനും സൂക്ഷിക്കണം.

തിരഞ്ഞെടുപ്പിൽ 1700 വോട്ടുകൾക്കാണ് മുൻ തൃണമൂൽ നേതാവു കൂടിയായ സുവേന്ദുവിനോട് മമത പരാജയപ്പെട്ടത്. മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു അധികാരി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.