ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ മുക്തർ അബ്ബാസ് നഖ്വിയും, ആർസിപി സിങ്ങും രാജി വച്ചു. നഖ്വി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് രാജി. നഖ്വിയുടെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കുകയാണ്. മറ്റൊരു വട്ടം കൂടി ബിജെപി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നില്ല. നഖ്വിക്ക് ന്യൂനപക്ഷ കാര്യങ്ങളുടെ ചുമതലയായിരുന്നു ക്യാബിനറ്റിൽ.

ഇന്നുരാവിലെ നഖ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയെയും കണ്ടിരുന്നു. നിലവിലെ സർക്കാരിന് പുറമേ അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലും സേവനം അനുഷ്ഠിച്ച രണ്ടുമന്ത്രിമാരിൽ ഒരാളാണ് മുക്തർ അബ്ബാസ് നഖ്വി. മറ്റേയാൾ രാജ്‌നാഥ് സിങ്ങാണ്.

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിലേക്ക്, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പ്രതിനിധിയെ നിയോഗിക്കുന്ന കാര്യം ഭരണകക്ഷി ചർച്ച ചെയ്ത് വരികയായിരുന്നു. വിശേഷിച്ചും, നൂപുർ ശർമയുടെ വിവാദ പ്രവാചക നിന്ദാ പരാമർശത്തിന്റെ പേരിൽ, ബിജെപിക്ക് എതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സേവന കാലാവധി അവസാനിക്കുന്നത് ഓഗസ്റ്റ് 10 നാണ്. ജൂലൈ 19 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിനാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ള, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി കേൾക്കുന്നുണ്ട്.

രണ്ടാം മോദി മന്ത്രിസഭയിൽ ഉരുക്ക് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ആർസിപി സിങ്ങിന്റെ രാജ്യസഭാ കാലാവധിയും വ്യാഴാഴ്ച അവസാനിച്ചു. നഖ്വിയുടെയും സിങ്ങിന്റെയും സേവനങ്ങളെ പ്രധാനമന്ത്രി ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ അഭിനന്ദിച്ചു. നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ, ഏതെങ്കിലും സംസ്ഥാനത്തെയോ, കേന്ദ്ര ഭരണപ്രദേശത്തെയോ ഗവർണറോ, ലഫ്റ്റനന്റ് ഗവർണറായി അദ്ദേഹത്തെ നിയോഗിച്ചേക്കും.