മുംബൈ: വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ ശിവസേനയെ കുറ്റപ്പെടുത്തി അറസ്റ്റിന്റെ വീഡിയോ ബിജെപി നേതാക്കൾ പുറത്തുവിട്ടു. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികൾ തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരേ 'കരണത്തടി' പരാമർശം നടത്തിയതിനാണ് റാണെയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴാച് റായ്ഗഢിൽ ജന ആശീർവാദ് യാത്രയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ പരാമർശം. ഓഗസ്റ്റ് 15-ന് നടത്തിയ അഭിസംബോധനയ്ക്കിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്.

ശിവസേനാ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസിക് പൊലീസ് റാണെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷിക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കളും ആരോപിച്ചിരുന്നു. അതേസമയം കേന്ദ്രമന്ത്രിയുടെ അറസ്റ്റ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചു.

മുൻ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സർക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ൽ ശിവസേന വിട്ട റാണെ 2017 വരെ കോൺഗ്രസിൽ തുടർന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാൻ പക്ഷം എന്ന പാർട്ടിയുണ്ടാക്കി. 2019ൽ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.

റാണെയുടെ വിവാദ പരാമർശത്തെ ചൊല്ലി ശിവസേന, ബിജെപി പ്രവർത്തകർ ചൊവ്വാഴ്ച തെരുവിൽ ഏറ്റുമുട്ടിയിരുന്നു. ശിവസേന നേതാക്കൾ മുംബയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ബിജെപി നേതാക്കൾ തടയാൻ ശ്രമിച്ചതോടെയായിരുന്നു ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസ് സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുപാർട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. ശിവസേനാ നേതാക്കൾ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെയും ശിവസേന നേതാക്കൾ കല്ലെറിഞ്ഞു.