തിരുവനന്തപുരം: മതനേതാക്കളേയും പുരോഹിതരേയും കുറ്റപ്പെടുത്തുന്നത് കോൺഗ്രസിന്റെ രീതി ആയിരുന്നില്ല. ഇവർ കേസിൽ അകപ്പെട്ടാലോ വിവാദങ്ങളിൽ പെട്ടാലോ മൗനം പാലിക്കുകയാണ് കോൺഗ്രസ് രീതി. ഇത് മാറുകയാണ്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ വോട്ട് ബാങ്കിന് അപ്പുറത്തേക്കുള്ള നിലപാടുകളുമായി പൊതുസമൂഹത്തിൽ നിറയാനാണ് കോൺഗ്രസ് തീരുമാനം. നർകോകോട്ടിക് ജിഹാദിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തുറന്നു പ്രഖ്യാപിക്കുകയാണ്.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസുകാർ ഒളിച്ചു കളിയാണ് നടത്തിയത്. ഇത് സമൂഹത്തിൽ ഏറെ ചർച്ചയായപ്പോഴും മൗനം തുടർന്നു. എന്നാൽ ക്രൈസ്തവ സഭയുടെ ഇരുതല മൂർച്ചയുള്ള നർക്കോട്ടിക് ജിഹാദിൽ വിഡി സതീശൻ രംഗത്തു വന്നത് കോൺഗ്രസിലെ സമീപന മാറ്റത്തിന് തെളിവാണ്. നേരത്തെ കെപിസിസി വർ്ക്കിങ് പ്രസിഡന്റ് പിടി തോമസും ബിഷപ്പിനെ വിമർശിച്ചിരുന്നു. എന്നാൽ സാധാരണ ഇത്തരം വിവാദങ്ങളിൽ മതനിരപേക്ഷ പക്ഷത്തു നിന്ന് പിടി എന്നും വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ മറ്റ് നേതാക്കൾ മൗനത്തിലാവുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് തന്നെ ബിഷപ്പിനെ വിമർശിച്ചു.

കോൺഗ്രസിലെ മുതിർന്ന നോതാവ് കെ മുരളീധരനും ബിഷപ്പിനെതിരെ രംഗത്തു വന്നു. കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ പ്രത്യക്ഷ സൂചനയാണ് ഇത്. ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോൺഗ്രസിലെ ചില പ്രാദേശിക ഘടങ്ങളോട് വിശദീകരണവും തേടും. അതിരൂക്ഷമായ വിമർശനമാണ് വിഡി സതീശൻ ഉയർത്തുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ സമൂഹത്തിൽ സ്പർധ വളർത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടർത്തുകയല്ല ചെയ്യേണ്ടതെന്നാണ് സതീശന്റെ നിലപാട്. ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ഇതിന് മുമ്പേ കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുവെന്നതാണ് വസ്തുത. ഇതോടെ നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ കോൺഗ്രസിന്റെ പിന്തുണ സഭയ്ക്ക് കിട്ടില്ലെന്ന് ഉറപ്പായി. പരിവാർ സംഘടനകൾ മാത്രമാണ് ബിഷപ്പിനേയും സഭയേയും ഇക്കാര്യത്തിൽ ഇനി പിന്തുണയ്ക്കാനുണ്ടാവുക. അനാവശ്യമായി വർഗ്ഗീയത ചർച്ചയാക്കില്ലെന്ന സൂചനയാണ് വിഡിയുടെ പ്രസ്താവനയിലുള്ളത്. ഇതോടെ ഇനി സർക്കാർ നിലപാട് എന്താകുമെന്നതാണ് നിർണ്ണായകം.

സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകർക്കരുത്: വിഡി സതീശൻ

കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നാണ് സതീശൻ പ്രസ്താവനയിൽ ഉയർത്തിക്കാട്ടിയത്.
കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതോമോ ജെൻഡറോ ഇല്ലെന്നും വിശദീകരിച്ചു.

കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവ പരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണു താനും. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണവിവേചനത്തിന് തുല്യമാണ്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ സമൂഹത്തിൽ സ്പർധ വളർത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടർത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.

യൂത്ത് കോൺഗ്രസും എതിര്

നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനേയും സംഘടന പിന്തുണയ്ക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കും. ഏത് വിഷയത്തിലായാലും സംഘടനാ നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും മണ്ഡലം പ്രസിഡണ്ട് തോമസ് ആർ.വി.ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഖ്യാപിച്ചു. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നു മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിക്കുന്നത് ഇങ്ങനെ

കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.

കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നും യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ ബിഷപ് പറയുന്നു.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയ ഉണ്ടെന്നും മുൻ ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറയുന്നു.

ലോകത്തിൽ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകൾ ഉയർത്തുന്നത്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർദ്ധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടും ഉണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ പെൺകുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ സഭ വിമർശനം ഉന്നയിച്ചിരുന്നു. ലൗജിഹാദ് ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേക നിക്ഷിപ്ത താൽപര്യങ്ങളുണ്ടാകാമെന്നും ബിഷപ് വിമർശനം ഉന്നയിക്കുന്നു. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവിട്ടിരിക്കുന്നത്.