ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വാക്‌സീൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ 'നമോ ആപ്പ്' വഴി പ്രചരിപ്പിക്കും.മോദിയുടെ ജന്മദിനത്തിൽ ഒന്നര കോടി വാക്‌സിനേഷനുകൾ വിതരണം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി കൊറോണ മുന്നണി പോരാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകും.രാജ്യത്ത് ഉടനീളം ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഇതിനായി 14 കോടി കിറ്റുകൾ സജ്ജമാക്കി. ബിജെപിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ അവബോധ പരിപാടികളും സംഘടിപ്പിക്കും.

ബൂത്ത് തലത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ദേശീയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി തന്നെയാണ് ബിജെപി കേരള ഘടകവും ആഘോഷിക്കുന്നത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്തുന്നുണ്ട്. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാർത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.

നിരവധി പേരാണ് ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസയുമായെത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു.ട്വിറ്ററിലുടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന്റെ ആശംസ.'നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ. അങ്ങയുടെ യാത്രയിൽ ഉടനീളം സർവ്വേശ്വരൻ ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ', മോഹൻലാൽ കുറിച്ചു.

നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തി. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മമ്മൂട്ടി പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്. ആശംസകൾക്കൊപ്പം ട്വിറ്ററിൽ ട്രെന്റ് ചെയ്യുന്ന #HappyBdayModiji എന്ന ഹാഷ് ടാഗും മമ്മൂട്ടി നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ വണങ്ങിക്കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ മോദിയോടൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.തിളങ്ങുന്ന ഇന്ത്യയുടെ സൂര്യൻ! ഭാരതത്തിൽ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക. ഭാരതത്തിന്റെ അഭിമാനം! ലോകത്തിന്റെ അഭിമാനത്തിന് പാത്രമാകുന്നത് തുടരട്ടെ. ഹിരാബെൻ മോദി ദാമോദർദാസ് മുൽചന്ദ് മോദി, നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നുവെന്നും സുരേഷ് ഗോപി തന്റെ പോസ്റ്റിൽ പറയുന്നു.

നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.