ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ കാര്യം സദാ ശ്രദ്ധിക്കുന്നതിനാലാണ് മോദിക്ക് തുടരാനാവുന്നതെന്നും ഷാ പറഞ്ഞു.

വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഈ അഭിപ്രായം പറഞ്ഞത്.

മോദിജിയെപ്പോലെ ഒരു കേൾവിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് വിഷയത്തിലുള്ള യോഗങ്ങളുമായിക്കൊള്ളട്ടെ, മോദിജി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോട കേട്ടിരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായത്തിന് അദ്ദേഹം വില കൊടുക്കുന്നു. അത് ആളുടെ പ്രാധാന്യം നോക്കിയല്ല. അതിനാൽ തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മോദിജി മന്ത്രിസഭ കൊണ്ടുപോകുന്നത്. അവിടെ ചർച്ച ചെയ്യുന്നതൊന്നും പൊതുജനങ്ങൾക്ക് ചോർന്നുകിട്ടില്ല. അതിനാൽതന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നതെന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചർച്ച ചെയ്യുകയും എല്ലാവരേയും കേൾക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്. എന്തെന്നാൽ അദ്ദേഹം പ്രധാനമന്ത്രിയാണ്' - ഷാ പറഞ്ഞു.

പ്രധാനമന്ത്രിയായി 2024-ൽ നരേന്ദ്ര മോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അവകാശപ്പെട്ടിരുന്നു. തുടർച്ചയായി 20 വർഷം തിരഞ്ഞെടുക്കപ്പെട്ട വേറെ ലോകനേതാക്കൾ ജനാധിപത്യരാജ്യങ്ങളിലില്ല. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അദ്ദേഹം. ഇപ്പോൾ പ്രധാനമന്ത്രിയാണ്. 2024-ലും വീണ്ടും തിരഞ്ഞെടുക്കപ്പെടുമന്ന് ഗാന്ധിനഗറിലെ പനസറിൽ പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു.

''പൂർത്തീകരിക്കാത്ത കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ പുലർത്തും. രാജ്യത്തോടും ജനങ്ങളോടും പാവപ്പെട്ടവരോടുമുള്ള ഈ കരുതൽ മറ്റു നേതാക്കളിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ ഏഴുവർഷത്തെ നേട്ടങ്ങൾ കോൺഗ്രസിന്റെ മൊത്തം ഭരണകാലത്തെ മറികടക്കത്തക്കതാണ്'' ഷാ പറഞ്ഞു.