ന്യൂഡൽഹി: റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരുമെന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. താൻ പറഞ്ഞതായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രിയുടെ പരാമർശത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്ത് വന്നതോടെയാണ് നിലപാട് മാറ്റം.

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചനയാണ് കൃഷിമന്ത്രി ഇന്നലെ നൽകിയത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാർഷിക നിയമങ്ങൾ. കർഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങൾ പക്ഷേ ചിലർക്ക് ഇഷ്ടമായില്ല. സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ അവർക്കായി മുൻപോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

വെള്ളിയാഴ്ച നാഗ്പൂരിൽ നടന്ന പരിപാടിയിലായിരുന്നു തോമർ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് മന്ത്രി നിലപാട് തിരുത്തിയത്.താനങ്ങനെ പറഞ്ഞിട്ടില്ലെന്നും എന്നാൽ സർക്കാർ മികച്ച നിയമങ്ങളായിരുന്നു രൂപീകരിച്ചതെന്നും ചില കാരണങ്ങളാൽ അവ പിൻവലിക്കേണ്ടതായി വന്നുവെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും തോമർ വ്യക്തമാക്കി.

മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണ് കൃഷിമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചിരുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മുൻപ് എംപിമാർക്ക് നൽകിയ കുറിപ്പിലും നിയമങ്ങളെ കൃഷിമന്ത്രി ശക്തമായി പിന്തുണച്ചിരുന്നു. സർക്കാർ തോറ്റ് പിന്മാറിയെന്ന് ഉത്തർപ്രദേശിലേതടക്കമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കൃഷിമന്ത്രി നിലപാട് വ്യക്തമാക്കിയത്. പുതിയ കാർഷിക രീതികളിലേക്ക് കർഷകർ തിരിയണമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും പ്രചാരണ റാലികളിൽ പ്രധാനമന്ത്രിയും ആവർത്തിക്കുന്നുണ്ട്. അതേ സമയം നിയമങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയെ കൃഷിമന്ത്രി അപമാനിച്ചുവെന്നായിരുന്നു രാഹുൽഗാന്ധി പറഞ്ഞത്. നിയമങ്ങൾ കൊണ്ടുവന്നാൽ കർഷകസമരം വീണ്ടും തുടങ്ങുമെന്നും രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ഡൽഹിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്ക് ഉറ്റുനോക്കി. ഒരുവർഷത്തിലേറെ സമരം നീണ്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയായിരുന്നു.