തിരുവനന്തപുരം: അമ്മയുടെ എക്സിക്യൂട്ടീവിൽ എല്ലാ സ്ഥാനത്തും സ്ഥിരം മുഖങ്ങൾ തുടരുന്നത് മാറി പുതിയ ആളുകൾ വരണമെന്നതുകൊണ്ടാണ് താൻ മൽസരിക്കാൻ തീരുമാനിച്ചതെന്ന് എക്സിക്യൂട്ടീവ് അംഗമായി മൽസരിക്കുന്ന നടൻ നാസർ ലത്തീഫ്.

മോഹൻലാലും മമ്മൂട്ടിയുമൊക്കെ മലയാള സിനിമയുടെ തൂണുകളാണ്. ഇവരിലാരെങ്കിലുമൊക്കെ തന്നെ സംഘടനയുടെ തലപ്പത്ത് വേണം. എന്നാൽ താഴെത്തട്ടിൽ മറ്റ് ഭാരവാഹികളായി ഒരേ ആളുകൾ തുടരുന്നത് ശരിയല്ല. പുതിയ ആളുകളെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം. കഴിഞ്ഞ മൂന്ന് തവണ മൽസരിക്കാനുള്ള താൽപര്യം ഞാൻ ഭാരവാഹികളെ അറിയിച്ചതാണ്. അപ്പോഴൊക്കെ മറ്റ് പലർക്കും വേണ്ടി മാറിനിൽക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അന്ന് അവർ പറഞ്ഞത് ഞാൻ അനുസരിച്ചു. എന്നാൽ ഇത്തവണയും എന്നെ ഒഴിവാക്കാനുള്ള ശ്രമം മനസിലായതുകൊണ്ടാണ് മൽസരിക്കാൻ തീരുമാനിച്ചതെന്നും നാസർ ലത്തീഫ് മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ 48 വർഷമായി സിനിമാരംഗത്തുള്ളയാളാണ് ഞാൻ. ഈ രംഗത്തെ പാവപ്പെട്ടവർക്ക് വേണ്ടി അമ്മ നടത്തുന്ന കൈനീട്ടം പദ്ധതിക്ക് വേണ്ടി വലിയ പിന്തുണ നൽകിയിട്ടുണ്ട്. അവർക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതിന് വേണ്ടിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മൽസരിക്കുന്നത്. വീടില്ലാത്ത കലാകാരന്മാർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് ഞാൻ 20 സെന്റ് സ്ഥലം അമ്മയ്ക്ക് നൽകിയെങ്കിലും അവരത് സ്വീകരിച്ചില്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല. അതുമൂലം ഞാൻ ആ സ്ഥലം കഷ്ടത അനുഭവിക്കുന്ന സീറോ ബാബു, മട്ടാഞ്ചേരി ഇബ്രാഹിം തുടങ്ങി എട്ട് കലാകാരന്മാർക്കായി വീതിച്ചുനൽകി. നാല് വീടുകൾ നിർമ്മിച്ചുകഴിഞ്ഞു, അഞ്ചാമത്തെ വീട് പണി ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ സേവനങ്ങൾ സഹപ്രവർത്തകർക്കായി ചെയ്തുനൽകാനുള്ള പ്ലാറ്റ്ഫോമായാണ് ഞാൻ അമ്മയെ കാണുന്നത്. നാസർ ലത്തീഫ് പറയുന്നു.

അമ്മ സംഘടനയിൽ മമ്മൂട്ടിയും മോഹൻലാലും പോലുള്ള വലിയവലിയ ആളുകളും മിഡിൽ ക്ലാസിൽ പെട്ടവരും സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവരുമായ മനുഷ്യരുണ്ട്. സിനിമാമേഖലയിലെ ഉന്നതശ്രേണിയിലുള്ളവരുടെ മാത്രം സംഘടനയായി അമ്മ മാറരുത്. എല്ലാവർക്കും ആ കൂട്ടായ്മയിൽ ശബ്ദമുണ്ടാകണം. എന്നാൽ ഇവിടെ അമ്മയിൽ നിന്നും കൈനീട്ടം വാങ്ങുന്ന കലാകാരന്മാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനോ സ്ഥാനാർത്ഥിയെ നോമിനേറ്റ് ചെയ്യാനോ ഒന്നുമുള്ള അവകാശമില്ല. അതു പാടില്ല എന്നുപറയാൻ കൂടി ഞാൻ തെരഞ്ഞെടുപ്പ് വേദി ഉപയോഗിക്കുകയാണ്. കൈനീട്ടമെന്നത് അവർക്കുള്ള അംഗീകാരമായാണ് സംഘടന കാണുന്നത്. അങ്ങനെയെങ്കിൽ അവരെ അംഗീകരിച്ചിട്ട് അകറ്റി നിർത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

സംഘടനയിൽ ഒന്നും രണ്ടും തവണയായി ഭാരവാഹികളായി ഇരിക്കുന്നവർ വീണ്ടും അതിൽ അള്ളിപ്പിടിച്ച് തുടരുന്നുണ്ടെന്നും നാസർ ലത്തീഫ് വിമർശിച്ചു. അത് ശരിയല്ല. മാറ്റമുണ്ടാകണം. അർഹതയുള്ള കൂടുതൽപേർ കടന്നുവന്നാലേ ഇതിനകത്ത് പുതിയ ആശയങ്ങളും ഉണ്ടാകുകയുള്ളു. എങ്കിലും മുൻനിരയിൽ നയിക്കാൻ മോഹൻലാലോ മമ്മൂട്ടിയോ തന്നെ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമാ മേഖലയുടെ തൂണുകളാണവർ. നാളെയൊരു സ്റ്റാർനൈറ്റ് വച്ചാലോ സിനിമ എടുത്താലോ അത് വിജയിക്കണമെങ്കിൽ ഇവരുടെ സംഭാവന ഉണ്ടായേതീരു. എന്നാൽ അവർക്കൊപ്പം ഞാൻ നേരത്തെ പറഞ്ഞ മൂന്ന് വിഭാഗത്തിൽ നിന്നും പ്രതിനിധികളുണ്ടാകണം. സാധാരണ നടന്മാരുടെ പ്രതിനിധികളും സംഘടനയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് ചെറിയ കോംപ്രമൈസുകൾ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും വനിതകളാകുന്നതിന് പകരം ഒരു വനിതയും ഒരു പുരുഷനും എന്നനിലയിൽ പരിഗണിക്കാമായിരുന്നു. മണിയൻപിള്ള രാജു വളരെ സീനിയറാണ്. അദ്ദേഹത്തിന് കൂടി അർഹിക്കുന്ന പരിഗണന നൽകണമായിരുന്നു. നാസർ ലത്തീഫ് കൂട്ടിച്ചേർത്തു. ഇപ്പോൾ മൽസരിക്കുന്നവരിൽ ഒരാൾ എന്നോട് വോട്ട് ചോദിക്കാൻ വിളിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന് വോട്ട് നൽകാമെന്ന് വാക്കുനൽകി. ഞാൻ തിരിച്ച് വോട്ട് ചോദിച്ചപ്പോൾ നിങ്ങൾ എതിർഗ്രൂപ്പല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള മനുഷ്യരുമുണ്ട്.

അദ്ദേഹത്തിനെതിരെ ഞാൻ മോഹൻലാലിന് മെയിൽ അയച്ചിട്ടുണ്ട്. ഇവിടെ ഔദ്യോഗിക പാനലെന്നോ എതിർ ഗ്രൂപ്പെന്നോ ഒന്നുമില്ല. എല്ലാവരും സുഹൃത്തുക്കളാണ്, സഹപ്രവർത്തകരാണ്. ഞങ്ങളെല്ലാവരും മൽസരിക്കുന്നു. നയിക്കാൻ പ്രാപ്തരെന്ന് അമ്മ അംഗങ്ങൾക്ക് ബോധ്യപ്പെടുന്നവരെ അവർ തെരഞ്ഞെടുക്കുമെന്നും നാസർ ലത്തീഫ് പറഞ്ഞു.