എറണാകുളം: അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാംവാർഡിൽ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ വരുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അടുത്തടുത്ത് വീടുകളുള്ള ഈ പ്രദേശത്ത് നിന്നും വീടുകൾ കുറഞ്ഞ പ്രദേശങ്ങളിലേയ്ക്ക് ടവർ മാറ്റി സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇടിമിന്നൽ ശല്യം വ്യാപകമായ ഈ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശത്ത് ചതുപ്പായ മണ്ണിലാണ് ടവർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു. ഈ പ്രദേശത്തെ വീട്ടുകാർക്ക് വേണ്ടി നിർമ്മിച്ചിരിക്കുന്ന സ്വകാര്യറോഡ് അനുമതിയില്ലാതെ ടവർ നിർമ്മാണത്തിനായി ദുരുപയോഗം ചെയ്തതായും ഇവർ പരാതിപ്പെടുന്നു.

അടുത്തകാലത്ത് സ്ഥലം വാങ്ങി വീടുവച്ചവരാണ് ഇവിടത്തെ പ്രദേശവാസികളിൽ അധികവും. പ്രായമായ നിരവധിപേർ ഇവിടെ താമസിക്കുന്നുണ്ട്. ആസ്മ- കാൻസർ രോഗികൾ, ക്യാൻസർ ബാധിതർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇവിടെ താമസിക്കുന്നുണ്ട്. അവരുടെ ആരോഗ്യകാര്യത്തിലും നിരവധി ആശങ്കകൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുകയാണ്. അത് പരിഹരിക്കുന്നതിനുള്ള ബോധവൽക്കരണം നടത്താൻ പോലും അധികൃതർ തയ്യാറാവുന്നില്ല.

ജനവാസകേന്ദ്രത്തിൽ ടവർ വരുന്നത് തങ്ങളുടെ ജീവിതത്തേയും ഭാവിയേയും ബാധിക്കുമെന്നാണ് ഇവർ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. മൊബൈൽ ടവർ നിർമ്മാണം നിർത്തിവയ്ക്കാൻ അധികൃതർക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇവിടത്തെ നാട്ടുകാർ.