കൊച്ചി: ഇടുക്കിയിലെ തൂക്കു പാലത്ത് നിന്നും ഏറെ പ്രതീക്ഷയോടെയാണ് വർക്ക്ഷോപ്പ് നടത്തിപ്പുകാരനായ നൗഫലും ഭാര്യ സിജിനയും എറണാകുളത്തേക്കെത്തിയത്. അറബിക്കടലിന്റെ റാണിയായ വ്യാവസായിക തലസ്ഥാനത്ത് വർക്ക് ഷോപ്പ് നടത്തി ഉപജീവനം നടത്താമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ ഇരുവരെയും കൊച്ചിയിലെ ഒരു സംഘം ആളുകൾ വീട് പണയത്തിന് നൽകി തട്ടിപ്പ് നടത്തി. ഉടമയറിയാതെ വീട് 8 ലക്ഷം രൂപയ്ക്ക് പണയത്തിന് നൽകിയാണ് തട്ടിപ്പ് നടത്തിയത്. യഥാർത്ഥ ഉടമ എത്തി പൊലീസിന് പരാതി നൽകുകയും വീട്ടിൽ നിന്നും ഇറങ്ങണമെന്നുമാണ് ഇപ്പോൾ പറയുന്നത്. എന്നാൽ തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാതെ ഉരുണ്ടു കളിക്കുകയാണ്.

കഴിഞ്ഞ മാർച്ചിലാണ് നൗഫലും ഭാര്യ സിജിനയും ഇടപ്പള്ളിയിൽ വീട് പണയത്തിനെടുത്ത് താമസം ആരംഭിച്ചത്. ഒഎൽഎക്സ് എന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട ഫൈസൽ എന്ന ബ്രോക്കർ വഴിയായിരുന്നു വീട് കണ്ടെത്തിയത്. നൗഫൽ പരിചയപ്പെടുത്തിയ അജിത്കുമാർ എന്നയാളുടെ വീടാണ് എന്ന് പറഞ്ഞാണ് ഇടപ്പള്ളി പോണേക്കരയിലെ പോണെ പള്ളിയുടെ സമീപത്തുള്ള മാളിയേക്കൽ ലൈനിലെ വീട് പണയത്തിനായി എടുത്തു കൊടുത്തത്.

രുദ്രാ വാരിയർ എന്നയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും കൈവശാവകാശം അജിത്കുമാറിനാണെന്നും അയാൽ തന്നെയാണ് കരം അടക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി കരമടച്ച രസീതിന്റെ പകർപ്പും നൽകി. കരമടച്ച രസീതിന്റെ പകർപ്പുമായി കോർപ്പറേഷൻ ഓഫീസിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ക്ലർക്ക് അശ്വതി എന്ന യുവതി അജിത്കുമാറിന്റെ പേരിലുള്ള സ്ഥലവും വീടുമാണെന്നും, കരമൊടുക്കിയതിന്റെ വിശദാംശങ്ങൾ പേപ്പറിൽ എഴുതി നൽകുകയും ചെയ്തു.

എല്ലാം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നൗഫൽ തന്റെ ഭാര്യയുടെ അക്കൗണ്ട് വഴി അജിത്കുമാറിന് രണ്ടു തവണയായി 8 ലക്ഷം രൂപ കൈമാറി. മാർച്ച് 30 മുതൽ താമസവും തുടങ്ങി. ഇതിനിടയിൽ വീടിന് മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നതിന് പരിഹാരം കാണമെന്ന് അജിത്കുമാറിനെ ബന്ധപ്പെട്ട് പറഞ്ഞിരുന്നു. മണ്ണിട്ട് പൊക്കിത്തരാമെന്ന് പറഞ്ഞെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലായിരുന്നു. തുടർന്ന് അയൽവീടുകളിൽ അന്വേഷിച്ചപ്പോഴാണ് യഥാർത്ഥ ഉടമ സഞ്ജയ് വാര്യർ എന്ന വ്യക്തിയാണെന്ന് നൗഫൽ അറിയുന്നത്. അയൽക്കാരുടെ പക്കൽ നിന്നും യഥാർത്ഥ ഉടമയുടെ നമ്പർ സംഘടിപ്പിച്ച് വിവരം വിളിച്ചു പറയുമ്പോഴാണ് സ്വന്തം വീട് പണയപ്പെടുത്തി തട്ടിപ്പ് നടന്നതായി സഞ്ജയ് വാര്യർ അറിയുന്നത്.

സഞ്ജയ് വാര്യരും ഭാര്യ പാർവ്വതിയും കുടുംബസമേതം ബംഗളൂരുവിൽ ആയതിനാൽ പോണേക്കരയിലെ വീട് വാടകയക്ക് കൊടുത്തിരിക്കുകയായിരുന്നു. പാർവതിയുടെ പിതാവ് എം.കെ രുദ്ര വാരിയർ നാട്ടിലുണ്ടായിരുന്നപ്പോൾ വീട് നോക്കാൻ എത്തുമായിരുന്നു. കോവിഡ് രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ഇദ്ദേഹം മകൾക്കും മരുമകനുമൊപ്പം ബംഗളൂരിവ്‌ലേക്ക് താമസം മാറ്റി. ഇതിനിടെ ഇവിടെ വാടയക്ക്ക് താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞു.

ഈ സമയത്ത് അജയ് മോഹൻ എന്നയാൾ സഞ്ജയ് വാര്യരെ ഫോണിൽ ബന്ധപ്പെട്ട് വീട് വാടകയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. തുക പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസായി 3000 രൂപ ഗൂഗിൾ പേ വഴി അയക്കുകയും ചെയ്തു. താമസിക്കാനെത്തുന്നതിന് മുൻപ് എഗ്രിമെന്റ് എഴുതി ബാക്കി അഡ്വാൻസ് തുക നൽകാമെന്നും ഏറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് വൃത്തിയാക്കാനാണ് എന്ന് പറഞ്ഞ് അയൽവീട്ടിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങിയ ഇയാൾ പിന്നീട് തിരികെ നൽകിയില്ല. ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്;- സഞ്ജയ് വാര്യർ പറയുന്നു.

ഇരുവരും എളമക്കര പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തട്ടിപ്പ് നടത്തിയവരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സിവിൽ കേസായതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് എളമക്കര പൊലീസ്. തട്ടിപ്പാണ് എന്ന് വ്യക്തമായ തെളിവുണ്ടായിട്ടും നടപടി എടുക്കാത്തത് തട്ടിപ്പുകാരുമായുള്ള അവിഹിത ബന്ധമാണോ എന്ന സംശയം ബലപ്പെടുകയാണ്.

ഏതു നിമിഷവും ഈ വീട്ടിൽ നിന്നും ഭാര്യയും രണ്ടു വയസ്സുള്ള മകനുമായി ഇറങ്ങേണ്ടി വരുമെന്ന് നൗഫലിനറിയാം. ഉണ്ടായിരുന്ന രണ്ടു കാർ വിറ്റും സ്വർണം പണയം വച്ചുമാണ് എട്ടു ലക്ഷം രൂപ സ്വരുക്കൂട്ടിയത്. തട്ടിപ്പുകാർ ഇവിടെ തന്നെയുണ്ടായിട്ടും പൊലീസ് നടപടി എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് അവരുടെ ഉന്നത പിടിപാടുമൂലമാണെന്നാണ് നൗഫലിന്റെ ആരോപണം.