ന്യൂഡൽഹി: അരവിന്ദ് കേജ്രിവാളിനെ വിമർശിച്ചതിന് നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് രാഷ്ട്രീയത്തിലെ 'രാഖി സാവന്ത്' എന്ന് 'വിശേഷിപ്പിച്ച്' ആം ആദ്മി പാർട്ടി എംഎൽഎയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ.

കാർഷിക പരിഷ്‌കാരങ്ങൾ സംബന്ധിച്ച് അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും വിമർശിച്ച് സിദ്ദു ട്വിറ്ററിൽ വിഡിയോ പങ്കുവച്ചിരുന്നു. താങ്ങുവില പ്രഖ്യാപിച്ച കാർഷിക വിളകൾക്ക് പോലും സ്വകാര്യമണ്ഡികളിൽ വിലകുറയുന്നുവെന്നാണു സിദ്ദു വിമർശിച്ചത്. ഇതിന് മറുപടിയായാണ് ഛദ്ദയുടെ പരാമർശം.

 

'പഞ്ചാബ് രാഷ്ട്രീയത്തിലെ രാഖി സാവന്ത് -നവ്‌ജ്യോത് സിങ് സിദ്ദുവിന് കോൺഗ്രസ് ഹൈക്കമാൻഡിൽനിന്ന് ശാസന ലഭിച്ചു. പഞ്ചാബ് ക്യാപ്റ്റനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കണമെന്ന്. അതിനാൽ ഇന്ന്, ഒരു മാറ്റത്തിനായി അദ്ദേഹം കേജ്രിവാളിനെ പിന്തുടർന്നു. നാളെ വരെ കാത്തിരിക്കുക, അദ്ദേഹം തന്റെ ക്യാപ്റ്റനെതിരായ അധിക്ഷേപം അതിശക്തമായി പുനഃരാരംഭിക്കും' എഎപി നേതാവ് ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അധികാര തർക്കം തുടരവെയാണു പരാമർശം. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാണു സിദ്ദു ഗ്രൂപ്പിന്റെ ആവശ്യം. അമരീന്ദറിന്റെ പ്രകടനം മോശമാണെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നുമാണ് സിദ്ദു പക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു.