മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ നടന്നത് റെയ്ഡ് അല്ലെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ.

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ അറിയിച്ചു. അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടിൽ പോയത് ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകാനാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്നാണ് എൻസിബി നൽകുന്ന വിശദീകരണം.

രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.

ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.

ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അനന്യ പാണ്ഡെ കേസിൽ നിർണ്ണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ പറഞ്ഞിരുന്നത് ആര്യൻ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യൻ ഖാൻ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യൻ ഖാന്റെ അഭിഭാഷകർ. ആര്യനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകൻ സതീഷ് മാനേഷിൻഡേ കോടതിയെ അറിയിച്ചത്.

ജാമ്യഹർജിയിൽ തിങ്കളാഴ്ച മറുപടി അറിയിക്കണമെന്ന് എൻസിബിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് നിതിൻ സാംബ്രേ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നുമുതൽ 15 വരെ പല അവധി ദിനങ്ങളായതിനാൽ ഈ മാസം 30 നകം കോടതിയിൽ നിന്ന് തീർപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആര്യന്റെ അഭിഭാഷകർ.