ന്യൂഡൽഹി: അഭ്യൂഹങ്ങൾ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി-എൻ.സി.പി. നേതാവ് ശരദ് പവാർ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ശനിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ച അമ്പതുമിനുട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

''രാജ്യസഭാ എംപി. ശരദ് പവാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി'' പവാറും മോദിയും ഒരുമിച്ചുള്ള ഫോട്ടോയുൾപ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ദിവസങ്ങൾക്ക് പിന്നാലെയാണ് പവാറും മോദിയും കൂടിക്കാഴ്ച നടത്തിയത്. താൻ മത്സരിക്കുമെന്നത് വെറും വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്ന് പവാർ പ്രതികരിച്ചിരുന്നു.

ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് തനിക്കറിയാമെന്നും താൻ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ സർവസമ്മതനായ ഒരു നേതാവിനെ സ്ഥാനാർത്ഥി ആയി നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഗാന്ധികുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ശരദ് പവാർ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിധത്തിൽ വാർത്തകൾ പുറത്തെത്തിയത്.

പുതുതായി രൂപവത്കരിക്കപ്പെട്ട സഹകരണ വകുപ്പ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധകാര്യങ്ങൾ മോദിയും പവാറും ചർച്ച ചെയ്തതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻ.സി.പി. ബന്ധത്തിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലും പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ വെറും രണ്ടുദിവസം ബാക്കിനിൽക്കെയുമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.