തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. മുന്നോട്ടുവെച്ച കാര്യങ്ങളിൽ സമവായത്തിലെത്താൻ ഇരുനേതാക്കൾക്കും കഴിഞ്ഞില്ല. നിയമസഭയിലെ ശശീന്ദ്രന്റെ ഓഫീസിൽവച്ചായിരുന്നു ചർച്ച.

കാര്യോപദേശക സമിതി ചേരുന്നതിന് മുമ്പ് മുഖ്യമന്ത്രി മാണി സി കാപ്പനുമായും എകെ ശശീന്ദ്രനുമായും വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു. ഇരുവരെയും പ്രത്യേകം പ്രത്യേകം കണ്ട മുഖ്യമന്ത്രി ഒരുമിച്ച് പോകണമെന്ന നിർദ്ദേശം നൽകി. തുടർന്ന് എകെ ശശീന്ദ്രനും മാണി സി കാപ്പനും ഒരുമണിക്കൂറോളം ചർച്ച നടത്തുകയായിരുന്നു.

പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉറപ്പുവേണം എന്നതാണ് മാണി സി കാപ്പൻ ചർച്ചയിൽ പ്രധാനമായും ഉന്നയിച്ചത്. പക്ഷേ, സീറ്റുമായി ബന്ധപ്പെട്ട ചർച്ച ഇടതുമുന്നണി തുടങ്ങിയിട്ടില്ലെന്നും നാല് സീറ്റ് വേണമെന്ന കാര്യത്തിൽ ഉറപ്പുവാങ്ങാൻ പാർട്ടിക്ക് കഴിയും എന്നുമായിരുന്നു എകെ ശശീന്ദ്രൻ മുന്നോട്ടുവെച്ചത്. എന്നാൽ, പാലാ സീറ്റിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാടിൽത്തന്നെ കാപ്പൻ തുടരുകയായിരുന്നു. സീറ്റുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങാത്ത സാഹചര്യത്തിൽ ഇക്കാര്യം ഇപ്പോൾ ഇടതുമുന്നണിയിൽ ഉന്നയിക്കുന്നത് അനൗചിത്യമാണെന്നും ശശീന്ദ്രൻ തുറന്നുപറഞ്ഞു.

മുന്നണി വിടുന്ന കാര്യത്തിൽ വിട്ടുവീഴ്ചകൾക്കില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ഇടതുമുന്നണിക്കൊപ്പം തന്നെ നിൽക്കണം എന്ന താൽപര്യമാണ് തനിക്കുള്ളത്. പക്ഷേ, മുന്നണിക്കാര്യത്തിൽ ഉറച്ച നിലപാട് ഈ സമയത്ത് പറയാൻ കഴിയില്ലെന്നാണ് മാണി സി കാപ്പൻ അറിയിച്ചത്. പാലായിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയുമായി മുന്നോട്ടുപോകുന്നത് ശരിയായ നിലപാടല്ല എന്നാണ് മാണി സി കാപ്പൻ ശശീന്ദ്രന് നൽകിയ മറുപടി.

ഇതോടെയാണ് ഇരുനേതാക്കളും നടത്തിയ ചർച്ച അലസിപ്പിരിയുന്നതിലേക്ക് തിരിഞ്ഞത്. ചർച്ച അവസാനിപ്പിച്ച് പുറത്തിറങ്ങവെ, ഇരുനേതാക്കളും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. അടുത്ത രണ്ട് ദിവസത്തിനകം വലിയ ഒരു വാർത്ത നിങ്ങൾക്ക് ലഭിക്കുമെന്നാണ് മാണി സി കാപ്പൻ പിന്നീട് അനൗദ്യോഗികമായി പറഞ്ഞത്. എൻസിപി പിളർപ്പിലേക്ക് എന്ന സാധ്യതയിലേക്കാണ് ഇന്നത്തെ ചർച്ചയോടെ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.

അതേസമയം പാലാ സീറ്റിനെ ചൊല്ലി എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്നാണ് സിപിഎം തീരുമാനം. എൽഡിഎഫിലിരിക്കെ, യുഡിഎഫുമായി എൻസിപി പിൻവാതിൽ ചർച്ചകൾ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. സിപിഐ നിലപാടും ശരദ്പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻസിപി എൽഡിഎഫ് ബന്ധത്തിൽ ഇനി നിർണായകമാവുക. എൻസിപി മുന്നണി വിട്ടാൽ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും.

കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എകെ ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും എലത്തൂർ നൽകുന്ന കാര്യത്തിൽ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തിൽ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിങ് സീറ്റുകൾ ഉറപ്പിക്കാൻ ശരദ്പവാർ നേരിട്ട് സിപിഎം നേതൃത്വവുമായി ചർച്ച നടത്താനും സാദ്ധ്യതയുണ്ട്. ആദ്യം മയത്തിൽ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ എൻസിപി മുംബയിൽ നടന്ന ചർച്ചകൾക്ക് ശേഷം പ്രതികരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ജോസ് വിഭാഗത്ത പ്രകീർത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തിൽ ജോസിനെ പിണക്കില്ല എന്ന സൂചനയും നൽകി.

പാലാ സീറ്റിലെ തർക്കത്തിനിടയിൽ എൻസിപി യുഡിഎഫുമായി അനൗപചാരികമായ ചർച്ച നടത്തിയതാണ് സിപിഎം എൻസിപി ബന്ധത്തിലെ പ്രധാന വിള്ളൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചിരിക്കുകയാണ്.