പറ്റ്‌ന: ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യം നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. ബിഹാർ നിയമസഭ സ്പീക്കറായി എൻഡിഎയിലെ വിജയ് സിൻഹ തെരഞ്ഞെടുക്കപ്പെട്ടു. 114 നെതിരെ 126 വോട്ടുകൾക്കാണ് മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി അവാദ് ബിഹാരി ചൗധരിയെ വിജയ് സിൻഹ പരാജയപ്പെടുത്തിയത്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് ശബ്ദ വോട്ടോടെ നടത്താനാണ് പ്രോട്ടം സ്പീക്കറായ ജിതൻ റാം മാഞ്ചി തീരുമാനിച്ചത്. ഇതിനെതിരെ മഹാസഖ്യം എംഎൽഎമാർ രംഗത്തു വരികയായിരുന്നു.

സ്പീക്കർ തെരഞ്ഞെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്നായിരുന്നു ആർജെഡി ആവശ്യപ്പെട്ടത്. സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രി അശോക് ചൗധരിയും സഭയിൽ സന്നിഹിതരായതിനെ ആർജെഡി നേതാവ് തേജസ്വി യാദവ് ചോദ്യം ചെയ്തു.

ലാലു പ്രസാദ് യാ​ദവ് ബീഹാറിലെ എൻഡിഎ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ​ഗുരുതര ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി രം​ഗത്തെത്തിയിരുന്നു. ജയിലിൽ കിടന്ന് എൻഡിഎ എംഎൽഎമാരുമായി ലാലുപ്രസാ​ദ് യാദവ് ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും സുശീൽ കുമാർ മോദി ആരോപിക്കുന്നു. ലാലു പ്രസാദ് യാ​ദവ് എൻഡിഎ എംഎൽഎമാരെ വിളിച്ചതിന്റെ ശബ്ദ സന്ദേശവും ലാലുവിന്റെ കയ്യിലുള്ള മൊബൈൽ നമ്പരും സുശീൽ കുമാർ മോദി ട്വിറ്ററിൽ പങ്കുവെച്ചു.

ട്വിറ്ററിലൂടെയാണ് മുൻ ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിട്ടും ലാലു പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തടവിൽ കഴിയിയുകയായിരുന്ന ലാലുവിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ജാർഖണ്ഡ് സർക്കാർ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഇവിടെയാണ്.

'ലാലു പ്രസാദ് യാദവ് റാഞ്ചിയിൽ നിന്ന് എൻഡിഎ എംഎൽഎമാരെ വിളിക്കുകയും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു', മാധ്യമങ്ങളെ ടാഗുചെയ്ത് സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. താനാ നമ്പറിലേക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോണെടുത്തതെന്നും, ജയിലിലിരുന്നുകൊണ്ട് ഈ വൃത്തിക്കെട്ട കളി കളിക്കരതെന്ന് താനദ്ദേഹത്തോട് പറഞ്ഞതായും സുശീൽ മോദി വ്യക്തമാക്കി. നിങ്ങളീ തന്ത്രത്തിൽ വിജയിക്കില്ലെന്നും താൻ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സ്ഥാനാർത്ഥിക്ക്‌ അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു എൻഡിഎ എംഎൽഎമാരോട് ആവശ്യപ്പെട്ടതെന്നും സുശീൽ മോദി പറഞ്ഞു.