തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് ആശങ്ക പടർത്തുന്നവർക്കെതിരെ കേസെടുക്കുമെന്നാണ്. എന്നാൽ, ഈ വിഷയത്തിൽ ജനലക്ഷങ്ങളാണ് കടുത്ത ആശങ്കയിൽ കഴിയുന്നത്. ഊ പശ്ചാത്തലത്തിൽ കേരള ജനതയുടെ ആശങ്കയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും, പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അണക്കെട്ട് പഴയതാണ്. പുതിയ ഡാം വേണം. മുല്ലപ്പെരിയാർ വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

തമിഴ്‌നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ട്. ജലതർക്കങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സംസ്ഥാനത്ത് സജീവമായി ഉയരുന്നതിനിടെയാണ്, ഗവർണർ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്.

അതേസമയം മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.55 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പിൽവേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാട് സർക്കാരിന് കത്തു നൽകി. തമിഴ്‌നാട് പൊതുമരാമത്തു വകുപ്പിനാണ് കത്തു നൽകിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നും, ജലനിരപ്പ് താഴ്‌ത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നേരത്തെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടർ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. 11 മണിക്ക് വണ്ടിപ്പെരിയാറിലാണ് യോഗം ചേരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാർ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

അതിനിടെ, മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. ജലനിരപ്പ് എത്രവരെ ആകാമെന്ന് അറിയാക്കാൻ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എഞ്ചിനീയർമാർ, കേന്ദ്ര ജലക്കമ്മീഷൻ ചെയർമാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെടും.