ചെറുപുഴ: കോളേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് മലയാളി നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിടാൻ മാനേജ്‌മെന്റ് ശ്രമം. സോറി നീന, ഇവിടെ ഫീസാണ് പ്രധാനം, ജീവിതമല്ലെന്ന പ്‌ളക്കാർഡുമേന്തിയാണ് വ്യാഴാഴ്‌ച്ച നീനയുടെ സഹപാഠിനികളും സുഹൃത്തുക്കളും രംഗത്തിറങ്ങിയത്.

കഴിഞ്ഞ ബുധാനാഴ്ചയാണ് മംഗളൂര് കങ്കനാടിയിലെ കോളേജ് ഹോസ്റ്റലിൽ ചിറ്റാരിക്കാൽ അരിമ്പ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കോളേജിന്റെയും അഡ്‌മിഷൻ ഏജന്റിന്റെയും പീഡനത്താലാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ വ്യാഴാഴ്ച പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. ഇതിനിടെ നിനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ച് പൊലീസിന് മൊഴിനൽകിയ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിടാനും ശ്രമവും നടന്നു.

മംഗ്‌ളൂരിലെ മാധ്യമപ്രവർത്തകർ ഇക്കാര്യമറിഞ്ഞ് മംഗളൂരുവിലെ മലയാളിയായ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിറാം ശങ്കറിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടതിനെത്തുടർന്നാണ് ഇറക്കിവിടൽ നീക്കത്തിൽനിന്ന് കോളേജ് അധികൃതർ പിന്മാറിയത്. വ്യാഴാഴ്ച രാവിലെ കൊളാസോ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ എത്തിയ കദ്രി പൊലീസ് സ്റ്റേഷനിലെ പൊലീസ് മേധാവിയോടാണ് വിദ്യാർത്ഥിനികൾ പരാതി പറഞ്ഞത്.

അതിനുശേഷം ഹോസ്റ്റലിൽ വന്ന കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ പരാതിയിൽ ഒപ്പിട്ട വിദ്യാർത്ഥികളോട് ഹോസ്റ്റൽ വിട്ടുപോകണമെന്നാവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർ വിവരമറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ പൊലീസിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികളോട് ഹോസ്റ്റൽ വിടാൻ ആവശ്യപ്പെട്ടതെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. തുടർന്നാണ് ഹരിറാം ശങ്കർ ഈ വിവരമറിയുന്നതും കദ്രി പൊലീസ് സബ് ഇൻസ്‌പെക്ടറോട് ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ പരാതി വിശദമായി കേൾക്കാനും ആവശ്യപ്പെട്ടത്.

വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് ഇറക്കിവിടില്ലെന്നും തിങ്കളാഴ്ച പൊലീസും കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും ചർച്ചചെയ്ത് വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. മംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ കാസർകോട് ചിറ്റാരിക്കാൽ അരിമ്പയിലെ തൂമ്പുങ്കൽ നിന സതീഷ് (19) ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. നിനയുടെ മരണത്തിനു കാരണക്കാർ കോളേജ് അധികൃതരും അഡ്‌മിഷൻ ഏജന്റുമാണെന്നാരോപിച്ചും അവർക്കെതിരേ നടപടി ആവശ്യപ്പെട്ടും വ്യാഴാഴ്ച കോളജിനു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു

എ.ബി.വി.പി., കാമ്പസ് ഫ്രണ്ട് തുടങ്ങി വിവിധ വിദ്യാർത്ഥിസംഘടനകളുടെ നേത്വത്തിലായിരുന്നു പ്രതിഷേധം. നീ ന യു ടെ മരണത്തിന് പിന്നിൽ കോളേജ് അധികൃതരുടെയും വിദ്യാഭ്യാസ ഏജന്റിന്റെയും പീഡനമാണെന്നാണ് പുറത്തു വരുന്ന .വിവരങ്ങൾ ഫീസ് കുടിശ്ശികയുണ്ടെന്ന് ചുണ്ടിക്കാട്ടി നിനയ്ക്ക് യുനിഫോം നിഷേധിച്ചുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയാണ് നീന അമ്മയുടെ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോയിരുന്നത്.ഇതിനിടെയാണ് നിനമംഗ്‌ളൂരിലെ നഴ്‌സിങ് കോളേജിൽ ചേരുന്നത്.