ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ പേടിയിൽ വീണ്ടും ആത്മഹത്യ. തമിഴ്‌നാട് വെല്ലൂർ കാട്പാടിയിലെ സൗന്ദര്യയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നാലുദിവസത്തിനിടെ നീറ്റ് പരീക്ഷാ പേടിയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നീറ്റ് പരീക്ഷ ദേശീയാടിസ്ഥാനത്തിൽ നടത്തിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ തന്നെ അരിയല്ലൂർ സ്വദേശിനിയായ കനിമൊഴി സമാനമായ കാരണങ്ങളാൽ ജീവനൊടുക്കിയത്. പരീക്ഷയിൽ തോൽക്കുമോ എന്ന ഭയമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പ്ലസ്ടുവിന് ഉയർന്ന മാർക്കോടെയാണ് കുട്ടി പരീക്ഷ പാസായത്. 600ൽ 562 മാർക്ക് നേടി മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാർത്ഥിയും നീറ്റ് പേടിയിൽ ജീവനൊടുക്കിയത്. തമിഴ്‌നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസമാണു നിയമസഭയിൽ പാസാക്കിയത്.