ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഈ വർഷം ഒറ്റ തവണയായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ. ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ നടത്തുകയെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ രണ്ടുതവണയായി നടത്തണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമുയർന്നിരുന്നു.

നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. 2021ലെ നീറ്റ് പരീക്ഷ ഒറ്റത്തവണ മാത്രമായാണ് നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ. ഇത്തവണ 11 ഭാഷകളിലാണ് പരീക്ഷ. ഹിന്ദിയും ഇംഗ്ലീഷും ഇതിൽ ഉൾപ്പെടും. പേനയും പേപ്പറും ഉപയോഗിച്ച് പഴയ മാതൃകയിൽ തന്നെയാണ് ഇത്തവണ പരീക്ഷ നടക്കുക.

എൻജിനീയറിങ് പരീക്ഷയായ ജെഇഇ ഈ വർഷം നാലുതവണയായി നടത്താനാണ് തീരുമാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് നീറ്റ് പരീക്ഷ രണ്ടു തവണയായി നടത്തണമെന്ന ആവശ്യം ശക്തമായത്.