പാലക്കാട്: ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി അടക്കം അഭിമുഖം എടുക്കവേ നികേഷ് കുമാറിനോട് പൊട്ടിത്തെറിക്കുകയുണ്ടായി. ഇതിന് പിന്നാലെ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനും ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകയോട് ദേഷ്യപ്പെട്ടു. ഓൺലൈൻ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇ ശ്രീധരൻ ഇറങ്ങിപ്പോയത്.

ലൗ ജിഹാദ്, ബീഫ് നിരോധനം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകൾ എന്നിവയെപ്പറ്റി അഭിമുഖത്തിൽ ചോദ്യങ്ങൾ ഉയർന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. അഭിമുഖത്തിന്റെ കുറച്ച് ഭാഗങ്ങൾ ന്യൂസ്ലോണ്ടറി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താൻ ഉത്തരം നൽകില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി.

എന്നാൽ ബീഫ് നിരോധന വിഷയത്തിൽ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ബിജെപി നേതാക്കൾ എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ഈ വിഷയത്തിൽ ഒരു വിധി പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വർണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുചോദ്യം.

ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തിയിട്ടില്ലെങ്കിൽ കേരളം ഒരു ചെറിയ സിറിയയാകുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ ശ്രീധരൻ പ്രതികരിക്കാൻ തയ്യാറായില്ല.നിങ്ങൾ വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാൻ സാധിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു. ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇത് നിർത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരൻ.'എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്', എന്ന് ചോദിക്കുന്ന ശ്രീധരൻ കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.