ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടത് ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന്. കഴിഞ്ഞ ദിവസം നാലു ഭീകരരെ ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

യോഗത്തിൽ പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങിയവരാണ് പങ്കെടുത്തത്. ജയ്‌ഷെ മുഹമ്മദിന്റെ പദ്ധതി പൊളിച്ചതിന്് പ്രധാനമന്ത്രി സുരക്ഷാസേനയെ പ്രശംസിച്ചു. വൻതോതിൽ നാശം വിതയ്ക്കാനുള്ള ഭീകരരുടെ ശ്രമമാണ് സുരക്ഷാസേന വിഫലമാക്കിയതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ ടോൾ പ്ലാസയിൽ വച്ച് ട്രക്ക് തടഞ്ഞുനിർത്തിയപ്പോഴാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെ 4.20 നായിരുന്നു സംഭവം. 11 എകെ 47 റൈഫിളുകൾ, മൂന്നുപിസ്റ്റളുകൾ, 29 ഗ്രനേഡുകൾ, മറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.ഇവർ ജെയ്ഷ-ഇ- മുഹമ്മദ് എന്ന ഭീകര സംഘടനയുടെ അംഗങ്ങളാണെന്നാണ് സുരക്ഷാ സേന പറയുന്നത്. വലിയ തോതിലുള്ള ഭീകരാക്രമണത്തിനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും ജമ്മു കശ്മീർ ഐജി മുകേഷ് സിങ് പറയുന്നു. അന്വേഷണം തുടരുകയാണ്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ലഭിച്ച ആയുധങ്ങൾ വലിയ തോതിലുള്ള ഭീകരാക്രമണത്തിന് സംഘം പദ്ധതിയിട്ടിരുന്നതായി സൂചന നൽകുന്നതാണ്. മുൻപ് ഇത്തരത്തിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ഐജി പറയുന്നു.

അതിനിടെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് ഭീകരർ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്.300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ നവംബർ 26ന് പ്രധാനപ്പെട്ട ആക്രമണങ്ങൾക്ക് തീവ്രവാദികൾ പദ്ധതിയിടുകയായിരുന്നു എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മുകാശ്മീർ ജില്ല വികസന സമിതി തിരഞ്ഞെടുപ്പുകളിൽ വലിയ ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികൾ വന്നത്. സംഭവം അന്വേഷിക്കുകയാണെന്ന് ജമ്മു സോൺ ഐജി അറിയിച്ചു