തിരുവനന്തപുരം: ഇടതുമുന്നണി തുടർഭരണം നേടിയതിന് പിന്നാലെ ജയപരാജയങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ പാർട്ടികളുടെ വിചാരണകൾ തുടരുകയാണ്. തലസ്ഥാനത്ത് ഏറ്റവും ശ്രദ്ധയാകർഷിച്ച ത്രികോണ പോരാട്ടം നടന്ന നേമത്ത് സിറ്റിങ് സീറ്റിങ് നഷ്ടമായത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. കോൺഗ്രസ് കൂടുതൽ വോട്ടുപിടിച്ചതുകൊണ്ടാണ് നേമത്ത് ബിജെപി പരാജയപ്പെട്ടതെന്നാണ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരന്റെ അവകാശവാദം.

മുരളീധരന്റെ വാക്കുകൾ ഇങ്ങനെ:

'നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചതിൽ യു ഡി എഫിന് സന്തോഷമുണ്ട്. പല വാർഡുകളിലും യു ഡി എഫ് നല്ല മുന്നേറ്റം നടത്തി. ആ മുന്നേറ്റമാണ് എൽ ഡി എഫിനെ വിജയത്തിലേക്ക് നയിച്ചത്. ശിവൻകുട്ടിക്ക് മൂവായിരത്തോളം വോട്ടാണ് നേമത്ത് കുറഞ്ഞത്. പതിനയ്യായിരത്തോളം വോട്ട് ബിജെപിക്ക് കുറഞ്ഞപ്പോൾ ഇരുപത്തിരണ്ടായിരത്തോളം വോട്ടാണ് യു ഡി എഫിന് വർദ്ധിച്ചത്. നേമത്തെ യു ഡി എഫിന് നഷ്ടപ്പെട്ട വോട്ടുകളെല്ലാം തിരിച്ചുവന്നു. ന്യൂനപക്ഷ മേഖലയിൽ ഏകീകരണമുണ്ടാക്കാൻ യു ഡി എഫിന് സാധിച്ചില്ല. മുരളീധരന് വോട്ട് ചെയ്താൽ കുമ്മനം ജയിക്കുമെന്ന എസ് ഡി പി ഐ പ്രചാരണമാണ് യു ഡി എഫ് വോട്ടുകൾ മറിച്ചത്. അതിന്റെ മെച്ചം എൽ ഡി എഫിനുണ്ടായി.പാർട്ടി വീണുകിടക്കുന്ന സമയത്ത് കൂടുതൽ പ്രസ്താവന നടത്തി പ്രവർത്തകരെ മുറിവേൽപ്പിക്കരുത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എം എൽ എമാർ തീരുമാനിക്കും.' സംഘടനാ കാര്യങ്ങളിൽ രാഷ്ട്രീയകാര്യ സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, കെ.മുരളീധരന് മറുപടിയുമായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ രംഗത്തെത്തി. ഫേ്‌സ്ബുക്ക് കുറിപ്പിലാണ് കുമ്മനത്തിന്റെ മറുപടി.

കെ. മുരളീധരന്റെ പ്രസ്താവന വിചിത്രം: കുമ്മനം

കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചതുകൊണ്ടാണ് നേമത്തു ബിജെപി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നു. 2019 -ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.

2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയതുകൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്. നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിന്റെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബിജെപിയെ തോൽപിച്ചത്.

തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബിജെപിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബിജെപി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചതുകൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കിൽ സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.കേരളത്തിലുടനീളം ബിജെപിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.