പാലക്കാട്: നെന്മാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിങ് നൽകാനും നിർദ്ദേശമുണ്ട്. നെന്മാറ അയിലൂരിലാണ് കാമുകിയായ സജിതയെ റഹ്മാൻ സ്വന്തം വീട്ടിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്.

സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ നിരീക്ഷിച്ചു. സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ട് വരണമെന്നും ഇതിന് പ്രണയത്തിന്റെ ഭാഷ്യം നൽകാൻ കഴിയില്ലെന്നും പാലക്കാട് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. കേസിൽ അന്വേഷണം ആവശ്യമില്ലെന്ന പൊലീസ് നിലപാടിലായിരുന്നു വനിതാ കമ്മീഷന്റെ പ്രതികരണം. ഇത് സംബന്ധിച്ച് വനിതാ കമ്മീഷൻ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പൊലീസ് ഇത്രവേഗതയിൽ തീരുമാനം എടുക്കാൻ പാടില്ലായിരുന്നുവെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

ഷിജി ശിവജി പറഞ്ഞത്:

അസാധാരണവും അസ്വാഭാവികവുമായാണ് ഇതിനെ വനിതാ കമ്മീഷൻ വിലയിരുത്തിയത്. സാമാന്യയുക്തിക്ക് ചേരുന്ന സംഭവമല്ല ഇത്. സൂര്യപ്രകാശം ഏൽക്കാതെ ഒരു പെൺകുട്ടി പത്ത് വർഷക്കാലം ആ മുറിക്കുള്ളിൽ, അതു പരിമിത സൗകര്യങ്ങളോട് കൂടി കഴിഞ്ഞുവെന്നത് തന്നെ അസാധാരണമാണ്. ഇത് അറിഞ്ഞയുടൻ നെന്മാറ പൊലീസിൽ വിളിച്ചിരുന്നു.

ഉച്ചക്ക് ഒരുമിച്ചിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുന്ന പതിവാണ്. ഈ കുട്ടി മേജർ ആയതിന് ശേഷമാണ് അടച്ചിട്ട് പ്രണയത്തിന്റെ പേരിൽ താമസിപ്പിച്ചതെന്ന് കരുതുന്നു. എന്റെ ഇഷ്ടപ്രകാരമാണ് അവിടെ താമസിപ്പിച്ചതെന്ന് കുട്ടി പറഞ്ഞത് നിയമത്തിന്റെ മുന്നിൽ കുട്ടി പറഞ്ഞാലും അതിലെ ദുരൂഹത നീക്കേണ്ടതുണ്ടതുണ്ട്. കൂട്ടി ഇത്രയും കാലം അവിടെയാണോ താമസിപ്പിച്ചത്?. പുറത്ത് വന്നത് സത്യമായ വാർത്തകളാണെങ്കിൽ ആ കുട്ടിക്ക് ഉണ്ടായേക്കാവുന്ന മാനസികമായ, ശാരീരികമായ കാര്യക്ഷമതകുറവുണ്ടാവണം. വെളിച്ചവും പോക്ഷക സംബന്ധമായ ഭക്ഷണവും കിട്ടാത്തത് മൂലമുണ്ടാവുന്ന പ്രശ്നങ്ങളാണിവ. ഇതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസിക- ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതുണ്ട്.

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട് ഇവിടെ. പുരുഷൻ സ്വാതന്ത്ര്യം അനുഭവിക്കുന്നു. പെൺകുട്ടിക്ക് അത് നിഷേധിക്കുന്നു. സ്വമേധയാ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കുട്ടിയേയും കുടുംബത്തേയും നേരിട്ട് പോയി കാണും. സ്ത്രീയെന്ന നിലയിൽ കുട്ടിക്കുണ്ടാവുന്ന ചില പ്രശ്നങ്ങൾ ഉണ്ടല്ലോ. പരിമിത സൗകര്യത്തിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് പുറത്ത് വരണം. ഇത് പ്രണയമല്ല, ഇതിന് പ്രണയത്തിന്റെ ഭാഷ്യം കൊടുക്കുന്നതെങ്ങനെ. പ്രായപൂർത്തിയായ കുട്ടിയായിരുന്നുവെങ്കിൽ അവർക്ക് മറ്റൊരു വീടെടുത്ത് താമസിക്കാമായിരുന്നു.

തങ്ങൾ പ്രണയത്തിലാണെന്നും 10 വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാൻ. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം, 10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പൊലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി. പൊലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എംപി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായി എത്തുകയും ചെയ്തിരുന്നു.

വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവിൽ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും കാണാതായ റഹ്മാനെ സഹോദരൻ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. ഒറ്റമുറിക്കുള്ളിൽ ആ വീട്ടിലെ മറ്റുള്ളവർ പോലും അറിയാതെ ഒരു യുവതി പത്തുവർഷത്തോളം ജീവിച്ചു എന്നത് അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. റഹ്മാന്റെ വീട്ടുകാരെ ഭയന്നാണ് ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. പ്രണയകഥ പുറത്തുവന്നതോടെ റഹ്മാൻ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു.