കാഠ്മണ്ഡു: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലും കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് കേസുകളിൽ 1200 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 31 ദശലക്ഷം ജനങ്ങളുള്ള നേപ്പാളിൽ കഴിഞ്ഞ മാസം പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പോഴത് 10,000 കേസുകൾ എന്നതിലേക്ക് എത്തി. പ്രതിദിനം ഒരുലക്ഷം പേരിൽ 20 കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ, നേപ്പാളിലെ കോവിഡ് പരിശോധനകളിൽ 44 ശതമാനം പോസിറ്റീവായിരുന്നു. കേസുകൾ കുതിച്ചുയരുന്നതും വാക്‌സീൻ കുറവുമായതിനാൽ, കോവിഡിനെ നേരിടാൻ രാജ്യം പാടുപെടുകയാണ്. 

രാജ്യത്തു കോവിഡ് വാക്‌സിനേഷൻ നിരക്കും കുറവാണ്. കഴിഞ്ഞ മാസം അവസാനത്തോടെ, 7.2% പേർക്കാണ് ആദ്യ വാക്‌സീൻ ഡോസ് ലഭിച്ചത്.

രാജ്യത്തെ ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനവും കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് 1,595 തീവ്രപരിചരണ കിടക്കകളും 480 വെന്റിലേറ്ററുകളും മാത്രമേ ഉള്ളൂ. ഡോക്ടർമാരുടെ കുറവുമുണ്ട്.

ലോകബാങ്കിന്റെ കണക്കുപ്രകാരം ഒരു ലക്ഷം ആളുകൾക്ക് 0.7 ഡോക്ടർമാരെയുള്ളൂ. പ്രതിസന്ധി കൈകാര്യം ചെയ്യാനായി ദീർഘകാല അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ വിളിക്കുകയാണ്.

തിരികെ വരാൻ തയാറായി നിൽക്കാൻ നേപ്പാൾ ആർമി വിരമിച്ച ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശം നൽകി. മെയ്‌ എട്ടുവരെ രാജ്യത്തെ 77 ജില്ലകളിൽ 22 എണ്ണത്തിലും ആശുപത്രി കിടക്കകളുടെ ക്ഷാമമുണ്ടെന്നു നേപ്പാളിലെ ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.