കാഠ്മണ്ഡു: ഇന്ത്യൻ പാരമ്പര്യത്തിന്റെ അവകാശവാദങ്ങൾക്ക് മേൽ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി. ഭഗവാൻ ശ്രീരാമൻ നേപ്പാളിലാണ് ജനിച്ചതെന്നും ഇന്ത്യയിലല്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയ അദ്ദേഹം വീണ്ടും വിവാദത്തിലാകുന്നത് യോഗയുടെ കാര്യത്തിൽ അവകാശവാദം ഉന്നയിച്ചാണ്.

അന്താരാഷ്ട്ര യോഗാ ദിനമായ ഇന്നലെ യോഗ ഉദ്ഭവിച്ചത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നുമാണ് ഒലിയുടെ പുതിയ അവകാശവാദം. ഇന്ത്യ ഒരു രാജ്യമായി മാറുന്നതിന് വളരെ മുൻപുതന്നെ യോഗ നേപ്പാളിൽ ആചരിച്ചിരുന്നെന്നും അന്ന് ഇന്ത്യയിൽ ദുർബലമായ കുറച്ച് ഭരണപ്രദേശങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ശർമ്മ ഒലി പറഞ്ഞു.

നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തുള്ള പ്രദേശങ്ങളിലോ ആണ് യോഗ ഉദ്ഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യോഗാഭ്യാസം കണ്ടെത്തിയ ആചാര്യന്മാർക്ക് അതിന്റെ അംഗീകാരം നൽകുന്നതിന് പകരം ഇന്ത്യ അത് അവർക്ക് സ്വന്തമാക്കിയെടുത്തു. ലോകം മുഴുവൻ അതിന് പ്രചാരം നേടിക്കൊടുക്കാനും ഇന്ത്യക്കായി.

ഒലി പറഞ്ഞു.മുൻപ് ശ്രീരാമൻ ഉത്തർപ്രദേശിലെ അയോദ്ധ്യയിലല്ല ജനിച്ചതെന്നും നേപാളിലെ ചിത്വൻ ജില്ലയിൽ അയോദ്ധ്യാപുരിയിലാണ് ജനിച്ചതെന്നും കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ഒലി അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു.