തിരുവനന്തപുരം: ലോകായുക്ത വിധിയിൽ കെടി ജലീൽ രാജിവെക്കേണ്ടതില്ലെന്ന എകെ ബാലന്റെ വാക്കുകൾ തള്ളി സിപിഎം പിബി അംഗം എംഎ ബേബി. രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എംഎ ബേബിയുടെ പ്രതികരണം.

ബാലന്റേത് നിയമമന്ത്രി എന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എംഎ ബേബി പറഞ്ഞു. കോടതി വിധി വന്നാൽ ഉടൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുത് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ തലത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും ബാലൻ പറഞ്ഞിരുന്നു.

മഞ്ഞളാംകുഴി അലിയും അന്തരിച്ച കെഎം മാണിയും ഡെപ്യൂട്ടേഷനിൽ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആൾക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീൽ നിയോഗിച്ചയാൾക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവർണറെയും ബോധ്യപ്പെടുത്തിയതാണ്.

'ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധി വന്നാലുടൻ മന്ത്രി രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ഒക്ടോബറിലാണ് ജലീലിന്റെ ഒരു ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കുന്നത്. നിയമിച്ചത് ഡെപ്യൂട്ടേഷനിലാണ്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ നമ്മൾ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ല എന്ന് നിയമത്തിൽ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കിൽ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാൻ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കിൽ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളിൽ ആളെ ഡെപ്യൂട്ടേഷനിൽ വച്ചിട്ടുണ്ട്.'- മന്ത്രി വ്യക്തമാക്കി.

അദീബ് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ഗവർണറേയും ജലീൽ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോൾ പുറത്തുവന്ന ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.

'നിലവിലുള്ള യോഗ്യതയേക്കാളും കൂടുതൽ യോഗ്യത വെച്ചു എന്നാണ് പറയുന്നത്. ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങൾ പറയാനാകൂ. ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ വിവാദമായി. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സർക്കാരിന്റെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. മൂന്ന് മാസത്തിനുള്ളിൽ മാത്രമേ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സർക്കാരിന് സമയമുണ്ട്'- ബാലൻ പറഞ്ഞു.

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ആരോപണം പൂർണമായും സത്യമാണെന്നും ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രിക്കുള്ള ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു.

ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചു എന്നതാണ് ജലീലിനെതിരായ ആരോപണം. യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്