കൊച്ചി: രാജ്യത്ത് ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള മത്സരം കടുക്കുന്നു. ഉപഭോക്താക്കളെ കയ്യില്ലെടുക്കാൻ വിവിധങ്ങളായ ഓഫറുകളാണ് കമ്പനികൾ ഒരുക്കുന്നത്. ഉപഭോക്താക്കൾക്ക് സൗജന്യ സേവനം നൽകിയാണ് ഇത്തവണ നെറ്റ്ഫ്‌ളിക്‌സ് രംഗത്തെത്തിയിരിക്കുന്നത്.നെറ്റ്ഫ്ളിക്സ് സട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫർ. ഡിസംബർ 5,6 തിയ്യതികളിൽ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഇന്ത്യയിൽ സൗജന്യമായി ഉപയോഗിക്കാം. ഈ ദിവസങ്ങളിൽ നെറ്റ്ഫ്ളിക്സ് ഷോകളും സിനിമകളും സൗജന്യമായി കാണുവാനാകും. ഡിസംബർ ആറിന് 11. 59 ഓടു കൂടി ഈ ഓഫർ അവസാനിക്കും.ഇതുവരെ നെറ്റ്ഫ്ളിക്സിൽ രജിസ്റ്റർ ചെയ്യാത്തവർക്കു മാത്രമാണ് ഈ ഓഫർ. അതിനാൽ വലിയ തോതിൽ പുതിയ വരിക്കാരെ ലഭിക്കുന്നതിന് ഈ ഓഫർ സഹായിക്കുമെന്ന് കമ്പനി മുന്നിൽ കാണുന്നുണ്ട്.

ഈ ഓഫർ നേടാൻ പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. ഫോൺ നമ്പറോ മെയിൽ ഐ.ഡിയോ ഉപയോഗിച്ച് അക്കൗണ്ട് നിർമ്മിക്കാം. മാത്രവുമല്ല ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ അക്കൗണ്ട് നിർമ്മിക്കാൻ ആവശ്യവുമില്ല. അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ രണ്ടു ദിവസത്തേക്ക് പെയ്ഡ് ഉപയോക്താക്കൾക്കുള്ള എല്ലാ സൗകര്യവും ഇവർക്കും ലഭിക്കും.

ഓഫറിന്റെ ഭാഗമായി ഉപയോക്താക്കളുടെ വൻ തോതിലുള്ള തള്ളിക്കയറ്റം നെറ്റ്ഫ്ളിക്സ് മുന്നിൽ കാണുന്നുണ്ട്. ഇത് സ്ട്രീംമിംഗിന് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനായി ഒരു സമയത്ത് ഈ ഓഫറിൽ ആപ്പ് ഉപയോഗിക്കാൻ കഴിയുന്നവരുടെ എണ്ണം കമ്പനി നിശ്ചയിക്കും. തിരക്ക് കൂടുന്ന സമയത്ത് സ്ട്രീം ഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന് ഉപയേക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോവും. വീണ്ടും സ്ട്രീം ചെയ്യാൻ പറ്റുന്ന സമയത്ത് അറിയിക്കുകയും ചെയ്യും.

മറ്റു സ്ട്രീംമിങ് പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങിയവ ഇന്ത്യയിൽ മത്സരത്തിൽ ഒപ്പത്തിനൊപ്പം നിൽക്കവെയാണ് നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ പുതിയ നീക്കം. റിപ്പോർട്ട് പ്രകാരം 2020 വർഷാവസാനം 46 ലക്ഷം പെയ്ഡ് ഉപയോക്താക്കളെ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.