തിരുവനന്തപുരം: പ്രവർത്തനങ്ങൾ മന്ദീഭവിച്ചുകിടന്ന ദുരന്തനിവാരണ വകുപ്പിൽ അഴിച്ചുപണി വരുന്നു. വകുപ്പിന്റെ ചുമതല റവന്യു വകുപ്പിൽ നിന്നു വേർപെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തതിനു പിന്നാലെയാണ് വകുപ്പിലെ അഴിച്ചുപണികൾ യാഥാർത്ഥ്യമാകുന്നത്. കഴിഞ്ഞ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വെള്ളയമ്പലത്ത് കനകക്കുന്നിന് എതിർവശത്ത് കോടികൾ മുടക്കി ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനമൊക്കെ നിർമ്മിച്ചെങ്കിലും കൂടുതൽ മെച്ചമൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് റവന്യു-തദ്ദേശ വകുപ്പുകൾ തമ്മിലുണ്ടായ തർക്കമായിരുന്നു പ്രധാനമായും വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസമായത്. അതുകൂടി കണക്കിലെടുത്താണ് ഇത്തവണ ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യാൻ തീരുമാനിച്ചതും.

അടിമുടിയുള്ള അഴിച്ചുപണിയാണ് വകുപ്പിൽ ഉദ്ദേശിക്കുന്നത്. പ്രാരംഭമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ വകുപ്പിന്റെ ചുമതല ഏൽപിക്കും. ദുരന്ത നിവാരണ അഥോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സ്ഥാപനമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വിദഗ്ധ അംഗങ്ങളെക്കൂടി നിയമിച്ചേക്കും. ഇതിനു പുറമേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഥോറിറ്റി വൈസ് ചെയർമാനെ നിയമിക്കാനും സർക്കാർ ആലോചിക്കുന്നു.

വിദഗ്ധരുടെ നിർദേശപ്രകാരമാണ് ദുരന്തനിവാരണ വകുപ്പിന്റെ ചുമതല റവന്യു വകുപ്പിൽ നിന്നു വേർപെടുത്തി മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്. വകുപ്പു മാറ്റവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിൽ നിന്നുള്ള ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. റവന്യു വകുപ്പിന്റെ അധികാരങ്ങൾ മാറ്റാനായി പുതിയ ഉത്തരവിറക്കും.

കോവിഡ് വ്യാപനവും പ്രളയവും ചുഴലിക്കാറ്റും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ പതിവായതും കണക്കിലെടുത്ത് ദുരന്തനിവാരണത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും ചുവപ്പുനാടകൾ ഒഴിവാക്കി അതിവേഗ തീരുമാനങ്ങൾ വേണമെന്നും വിദഗ്ദ്ധർ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിർദേശിച്ചിരുന്നു.