ഭോപ്പാൽ: മധ്യപ്രദേശിൽ പരിശോധിച്ച സാമ്പിളുകളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഭോപ്പാലിൽ രോഗം സ്ഥിരീകരിച്ച ഒരാളിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) റിപ്പോർട്ടിൽ പറയുന്നുവെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോൺടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വകഭേദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ഡൽറ്റ വകഭേദത്തെ, വ്യാപന ശേഷിയുടെ അടിസ്ഥാനത്തിൽ 'ആശങ്ക ഉണർത്തുന്ന വകഭേദം' എന്ന നിലയിൽ യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യു.എസ്. ഉൾപ്പെടെ 66 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടർന്നിട്ടുണ്ടെന്നും സി.ഡി.സി പറഞ്ഞിരുന്നു.

അതേസമയം, ലാംബ എന്ന് പേരിട്ട കോവിഡിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞിരുന്നു. പെറുവിൽ ആദ്യമായി തിരിച്ചറിഞ്ഞ ഈ വകഭേദം 29 രാജ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തെക്കേ അമേരിക്കയിലെ ഉയർന്ന വ്യാപനം കണക്കിലെടുത്ത് ഇതിനെ ആഗോള വകഭേദമായി പരിഗണിച്ചിരുന്നു.