ന്യൂഡൽഹി: കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സർവീസുകളോടെ വ്യോമയാന രംഗത്ത് കുതിച്ചുയർന്ന് മധ്യപ്രദേശ്. മധ്യപ്രദേശിൽ നിന്നും 44 പുതിയ വിമാനങ്ങൾ സർവീസുകൾക്ക് തുടക്കം കുറിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

ഇതിൽ എട്ട് വിമാനങ്ങൾ ഉഡാൻ പദ്ധതിയുടെ കീഴിൽ ചെറിയ വിമാനത്താവളങ്ങളിൽ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് നടത്തുന്നതാണ്.

ബുധനാഴ്ച ജബൽപുരിൽ നിന്നും മുംബൈ, പുണെ, സൂറത്ത്, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് സർവീസ്. വെള്ളിയാഴ്ചയോടെ ജബൽപുരിൽ നിന്നും ഡൽഹിയിലേക്കും ഇൻഡോറിലേക്കും സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വ്യോമയാന മേഖല പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുൻപന്തിയിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്നിൽ വിശ്വാസം അർപ്പിച്ചതിന് പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും നന്ദി രേഖപ്പെടുത്തി.

നിലവിൽ സർവീസുകൾ അനർഹമായതും പരിമിതമായതുമായ നൂറിലധികം വിമാനത്താവളങ്ങളിൽ ഉഡാൻ പദ്ധതിയുടെ കീഴിൽ സർവീസുകൾ വിപുലീകരിക്കുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരി പറഞ്ഞിരുന്നു.

നീണ്ട 19 വർഷത്തെ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തനത്തിന് ശേഷം കഴിഞ്ഞ വർഷം മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് എത്തുന്നത്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര വ്യോമയാന മന്ത്രിയാവുകയായിരുന്നു.