കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് ഇനി വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരിക്കും എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയിൽ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബർ 17ന് പുറത്തിറക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലാണ് പുതിയ നിർദേശങ്ങൾ എന്നാണ് പിടിഐ വാർത്ത് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ സ്‌കൂൾ സമയം തിങ്കൾ മുതൽ ശനിവരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ വൈകീട്ട് 4.30വരെയും ആയിരിക്കും എന്നാണ് ഉത്തരവ് പറയുന്നത്. ഒരോ നേരത്തും നാല് പിരീയിഡുകൾ വരെ ക്ലാസ് ഉണ്ടാകും.

ആറ് ദശാബ്ദമായി ദ്വീപിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സ്‌കൂൾ തുടങ്ങിയ കാലം മുതൽ വെള്ളിയാഴ്ച അവധി ദിവസമായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതികരിച്ചത്.

അതേ സമയം പുതിയ തീരുമാനത്തിനെതിരെ ദ്വീപിൽ പ്രതിഷേധം ഉയരുന്നുണ്ട്. ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി അബ്ബാസ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും വികാരങ്ങൾ മാനിച്ച് പിൻവലിക്കാൻ ആവശ്യപ്പെട്ട് ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കോഡാ പട്ടേലിന് കത്തെഴുതി. കത്തിൽ ലക്ഷദ്വീപ് ജനങ്ങളിൽ ഭൂരിഭാഗം മുസ്ലീങ്ങളാണെന്നും വെള്ളിയാഴ്ചകളിലെ നിസ്‌കാരത്തിനും മതപരമായ ചടങ്ങുകളും പരിഗണിച്ച് വെള്ളിയാഴ്ച സ്‌കൂളുകൾ പ്രവർത്തി ദിവസമാക്കിയ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെടുന്നുണ്ട്.