കൊച്ചി: ചെറുകിട വ്യവസായ മേഖലയ്ക്കായി സംസ്ഥാന സർക്കാർ 1416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ വേണ്ടിയുള്ള സഹായ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ലോക എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് നടന്ന വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.

രണ്ടാം കോവിഡ് തരംഗത്തിൽ ചെറുകിട സൂക്ഷ്മ ഇടത്തരം മേഖലകൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്. ഒരു മാസത്തിൽ ഏറെ നീണ്ടു നിന്ന ലോക്ക് ഡൗണിനും ഇപ്പോഴും തുടരുന്ന നിയന്ത്രണങ്ങൾക്കും ഇടയിൽ നേരിയ ആശ്വാസം നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ.

വ്യവസായ ഭദ്രത സ്‌കീമിന്റെ ഭാഗമായി സംരംഭങ്ങൾക്ക് ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും.

വ്യവസായിക പിന്നോക്ക ജില്ലകളിലും, മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്സിഡിയും ഉയർത്തിയിട്ടുണ്ട്. കെഎസ്ഐഡിസി വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ദീർഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നൽകുകയും ചെയ്തിട്ടുണ്ട്. കെഎസ്ഐഡിസി മുഖേനെ മടങ്ങിയെത്തിയ പ്രവാസികൾക്കായി 5 ശതമാനം നിരക്കിൽ ലോണ് അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കും.

നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യസംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി പ്രത്യേക ലോൺ പാക്കേജ് സർക്കാർ ഉൾെപ്പടുത്തിയിട്ടുണ്ട്. കോവിഡ് സമാശ്വാസ പദ്ധതി ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ വരുന്നത്. പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി സഹായകാരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.