തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നും അപ്രായോഗികമാണെന്നും വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.ഇത് സംബന്ധിച്ച റിപ്പോർട്ട് റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സർക്കാരിനു കൈമാറും. പദ്ധതി പിൻവലിക്കുക പ്രായോഗികമല്ലെന്നാണു സർക്കാരിന്റെയും നിലപാട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതു കൂടി കണക്കിലെടുത്താകും രാഷ്ട്രീയ തീരുമാനം.

കേന്ദ്ര നിയമപ്രകാരം ആരംഭിച്ച പദ്ധതിയിൽ നിന്നു കേരളത്തിനു പിന്മാറാനാകില്ല, നിക്ഷേപം പിൻവലിച്ചാൽ നഷ്ടപരിഹാരം സർക്കാർ നൽകേണ്ടിവരും,പദ്ധതിയിൽ നിന്നു പിന്മാറാൻ മറ്റു ചില സംസ്ഥാനങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നിവയാണ് പദ്ധതിയിൽനിന്നു പിന്മാറാൻ കഴിയാത്തതിനു വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്ന മറ്റു കാരണങ്ങൾ

പങ്കാളിത്ത പെൻഷനിലെ 10% സർക്കാർ വിഹിതം കേന്ദ്രത്തിലേതു പോലെ 14% ആക്കുക, ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം ഏർപ്പെടുത്തുക, പെൻഷൻ ഫണ്ടിലെ ഏറ്റക്കുറച്ചിലുകൾ അറിയാൻ ഓൺലൈൻ സൗകര്യം ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടുവച്ചേക്കും.

അതേസമയം തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്താൻ നിർദേശിക്കുന്ന കരടു തോട്ടം നയം സർക്കാർ അംഗീകരിച്ചു. തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കും. തോട്ടങ്ങളിൽ വിനോദ സഞ്ചാര പദ്ധതികൾ അനുവദിക്കും. എന്നാൽ ഇവ നടപ്പിലാക്കുമ്പോൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നു വ്യതിചലിക്കാനോ തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ അനുവദിക്കില്ല. തോട്ടവിളകൾക്ക് ന്യായ വില ഉറപ്പാക്കാനും ഇടപെടലുണ്ടാവും.ഇടവിള, മിശ്രവിള കൃഷികളും അനുവദിക്കും. പച്ചക്കറി, ഔഷധം, തേനീച്ച, ക്ഷീര കൃഷികൾ പ്രോത്സാഹിപ്പിക്കും.ടീ ബോർഡ്, റബർ ബോർഡ്, കോഫി ബോർഡ്, സ്‌പൈസസ് ബോർഡ് എന്നിവ ഉൾപ്പെട്ട കോഓർഡിനേഷൻ സമിതി രൂപീകരിക്കും തുടങ്ങിയവയാണ് കരടു നയത്തിലെ പ്രധാനപ്പെട്ടവ