ന്യൂഡൽഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതിനായി ഗതാഗതനിയമങ്ങളിൽ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ കുട്ടികൾ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെൽമറ്റ് ധരിക്കണണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെൽറ്റ് ഉപയോഗിക്കണമെന്നും കരടിൽ നിർദേശമുണ്ട്. കുട്ടികളുമായുള്ള യാത്ര നാൽപ്പത് കിലോമീറ്റർ വേഗതയിൽ കൂടരുതെന്നും നിർദേശത്തിൽ പറയുന്നു.

2016ലെ സുരക്ഷ മാർഗനിർദ്ദേശം അനുസരിച്ചുള്ള ബിഐഎസ് ഹെൽമെറ്റ് ആയിരിക്കണം കുട്ടികൾ ധരിക്കേണ്ടത്. ബൈക്ക് യാത്രയ്ക്കുള്ള ഹെൽമെറ്റ് ഇല്ലെങ്കിൽ സൈക്കിൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ ഗുണനിലവാരമുള്ള ഹെൽമെറ്റ് ഉപയോഗിച്ചാൽ മതിയാകും.

വാഹനം ഓടിക്കുന്നആളെയും പുറകിലിരിക്കുന്ന കുട്ടിയെയും ബന്ധിപ്പിക്കുന്ന ബെൽറ്റ് നിർബന്ധമാണ്. നൈലോൺ ഉപയോഗിച്ച് നിർമ്മിച്ചതും ഗുണനിലവാരമുള്ളതും വാട്ടർപ്രൂഫും ആയിരിക്കണം ബെൽറ്റുകൾ. 30കിലോ വരെ താങ്ങാനുള്ള ശേഷി ബെൽറ്റിന് ഉണ്ടായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കുട്ടികളുമായിട്ടുള്ള ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ കരട് പുറത്തിറക്കിയത്. ഒരുവർഷത്തിനകം ഇത് പ്രാബല്യത്തിൽ വരും. പുതിയ ക്രമീകരണങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരുവർഷത്തെ സമയപരിധി നൽകിയത്. നാല് വയസുവരെയുള്ള കുട്ടികൾക്ക് ബാധകമാകുന്ന തരത്തിലാണ് പുതിയ മാർഗനിർദ്ദേശം.