ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് നായക സ്ഥാനം ഒഴിയാൻ അനുവദിച്ച സമയം പിന്നിട്ടിട്ടും നിശബ്ദത പാലിച്ചതോടെയാണ് വിരാട് കോലിയെ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്താൻ ബിസിസിഐയെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്.

നായക സ്ഥാനം ഒഴിയുന്നതിൽ കോലി മൗനം തുടർന്നതോടെയാണ് സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്താൻ ബിസിസിഐ തീരുമാനിച്ചതെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഉൾപ്പെടുന്ന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. വിരാട് കോലിക്ക് എതിരായ നടപടി നീതികരിക്കാൻ ആവില്ലെന്നാണ് പ്രധാനമായും ഇവർ ഉന്നയിക്കുന്ന വാദം.

ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ബിസിസിഐ രോഹിത് ശർമിയെ പ്രഖ്യാപിച്ചതോടെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20യിലെ നായകസ്ഥാനം രാജവയ്ക്കുമെന്നു മുൻപു പ്രഖ്യാപിച്ചതോടെതന്നെ കോലിയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനവും നഷ്ടമാകുമെന്നു തിർച്ഛയായിരുന്നതായും റിപ്പോർട്ടിലുണ്ട്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ രണ്ട് ഫോർമാറ്റിൽ രണ്ട് നായകന്മാർ എന്നത് തുടരാൻ ബിസിസഐയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം കോലിയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്

എന്നാൽ ഏകദിനത്തിൽ നായകസ്ഥാനം തുടരുന്നതിൽ വിരാട് കോലി താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന. ട്വന്റി 20 നായക സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ ഇക്കാര്യം പരാമർശിച്ചിരുന്നു.

ക്യാപ്റ്റൻസി ഒഴിയുന്നതായി പ്രഖ്യാപിക്കാൻ ബിസിസിഐ നൽകിയ 48 മണിക്കൂർ സമയം പിന്നിട്ടിട്ടും കോലി നിശ്ശബ്ത പാലിച്ചതോടെയാണു തീരുമാനം എന്നാണു റിപ്പോർട്ട്.

വർക്ലോഡ് ചൂണ്ടിക്കാട്ടിയാണു ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുന്നതായി കോലി നേരത്തെ പ്രഖ്യാപിച്ചത്. പിന്നാലെ 20ട്വന്റിയിൽ ഇന്ത്യയുടെ നായകനായി രോഹിത് ശർമയെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ന്യൂസിലൻഡിന് എതിരായ ട്വന്റി 20 മത്സരത്തിൽ രോഹിത് ശർമ നായകനായി എത്തിയത്.

നിർഭയ ബാറ്റിങ്ങിലൂടെ 'ഹിറ്റ്മാൻ' എന്നു പേരെടുത്ത രോഹിത് ശർമ ഇനി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനാകുമ്പോൾ, അദ്ദേഹത്തെ കാത്തിരിക്കുന്നത് 2023 ലോകകപ്പ് എന്ന 'ശ്രമകരമായ' ദൗത്യമാണ്.

നായക സ്ഥാനത്ത് ഇതിനോടകം മികവ് തെളിയിച്ച രോഹിത്തിനെ നേതൃത്വത്തിൽ എത്തിച്ച് അടുത്ത ഏകദിന ട്വന്റി 20 ലോകകപ്പുകൾക്കായി ടീമിനെ ഒരുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. വരുന്ന ടൂർണമെന്റുകളിൽ ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്താനാണ് നീക്കം. രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കി അനിയോജ്യമായ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ അജിൻക്യ രഹാനെയ്ക്കു പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചതിലൂടെ സിലക്ഷൻ കമ്മിറ്റി നൽകുന്ന സന്ദേശമിതാണ്: 'ഇന്ത്യൻ ക്രിക്കറ്റിൽ ഇനി വരാൻ പോകുന്നതു രോഹിത് യുഗമാണ്.'

2023 നവംബറിൽ നടക്കേണ്ട അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ ഒരുക്കുകയെന്ന ദൗത്യമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഇതുവരെ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ ആര് ഉപനായകനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ട്വന്റി20യിൽ വൈസ് ക്യാപ്റ്റനായ കെ.എൽ.രാഹുൽതന്നെ ഏകദിനത്തിലും ഉപനായകനാവാനാണു സാധ്യത.

അതേ സമയം ടെസ്റ്റ് ഫോർമാറ്റിൽ നായകസ്ഥാനത്ത് വിരാട് കോലി തുടരുന്നതിനോടൊപ്പം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോലി നിർണായക സാന്നിധ്യമായി ടീമിൽ തുടരാനാണ് ബിസിസിഐ നേതൃത്വം ആഗ്രഹിക്കുന്നത്.

വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതോടെ ഇനി ബാറ്റിങ്ങിൽ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ അജിൻക്യ രഹാനെയ്ക്കു പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടേക്കാം; പ്രത്യേകിച്ച് ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള മറ്റുള്ളവർ മികച്ച ഫോമിലായ സാഹചര്യത്തിൽ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ പരുക്കുമൂലം രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശുഭ്മൻ ഗിൽ എന്നിവരെ ഒഴിവാക്കി. ഹനുമ വിഹാരി തിരിച്ചെത്തി. പേസർ ഇഷാന്ത് ശർമ സ്ഥാനം നിലനിർത്തി.

ടീം: കോലി, രോഹിത്, രാഹുൽ, മയാങ്ക്, പൂജാര, രഹാനെ, ശ്രേയസ്, വിഹാരി, പന്ത്, സാഹ, അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത്, ഷമി, ഉമേഷ് യാദവ്, ബുമ്ര, ഷാർദൂൽ, മുഹമ്മദ് സിറാജ്. സ്റ്റാൻഡ് ബൈ: നവ്ദീപ് സെയ്‌നി, സൗരഭ് കുമാർ, ദീപക് ചാഹർ, അർസാൻ നഗ്വാസ്വാലാ.