കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കോട്ടയം വൈക്കം സ്വദേശി അഖില അശോകനും, കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹം. മത പരിവർത്തനത്തിന് ശേഷം ഹാദിയാ എന്ന പേരു സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം. അച്ഛൻ അശോകൻ എതിർത്തതോടെ ഈ വിവാഹം സുപ്രീംകോടതി വരെ കയറിയിരുന്നു. എന്നാൽ ഹാദിയയ്ക്കും ഷെഫിൻ ജഹാനും ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി വിധി വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഹാദിയ ഷെഫിൻ ജെഹാനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരാളെ വിവാഹം കഴിച്ചുവെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഹാദിയയുടെ(അഖില) പിതാവ് അശോകനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

അഖില എന്ന ഹാദിയയുടെ വിവാഹം കഴിഞ്ഞത് അറിഞ്ഞത് 20 ദിവസം മുൻപാണെന്നാണ് അശോകൻ മറുനാടനോട് വെളിപ്പെടുത്തിയത്. ഏറെ നാളായി ഷെഫിൻ ജെഹാനുമായി അകന്നു കഴിയുകയായിരുന്ന മകൾ ഇതേ മതവിശ്വാസിയായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇപ്പോൾ തിരുവനന്തപുരത്താണ് താമസമെന്നും അശോകൻ പറയുന്നു. മകൾ വിവാഹം കഴിച്ചു എന്ന് അറിയിച്ചത് ഒരു മാധ്യമ പ്രവർത്തകനായിരുന്നു. ഇക്കാര്യം ഫോണിൽ ചോദിച്ചപ്പോൾ അഖില(ഹാദിയ) വിവാഹം കഴിഞ്ഞതായി മറുപടി നൽകി. എന്താണ് ഷെഫിൻ ജെഹാനുമായുള്ള ബന്ധം വേർപെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല; അശോകൻ പറഞ്ഞു.

മകളുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ഉമ്മയാണ് എന്ന് പറഞ്ഞ് ഒരു സ്ത്രീ സംസാരിച്ചിരുന്നു. അവർ പലവട്ടം തലയോലപ്പറമ്പ് വഴിയും വൈക്കം വഴിയും യാത്ര ചെയ്തിരുന്നു എന്നും പറഞ്ഞു. അവരുടെ ഭർത്താവ് ഡി.എം.ഓ ആണെന്നാണ് പറഞ്ഞത്. കൂടുതൽ അറിയാൻ ആഗ്രഹമില്ലാത്തതിനാൽ അധിക നേരം ഫോണിൽ സംസാരിച്ചില്ല. പക്ഷേ അവരുടെ സംസാരത്തിൽ എന്തൊക്കെയോ പന്തികേടുള്ളതായി തോന്നി എന്നും അശോകൻ മറുനാടനോട് പറഞ്ഞു.

മാതാപിതാക്കളോട് പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് അശോകന്റെ വാദം. അതിനാൽ തന്നെ ഇത് കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു. മകളുടെ ഈ പോക്ക് അപകടത്തിലേക്കാണെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൂടാതെ രണ്ടാം വിവാഹം നടന്ന കാര്യം കോടതിയിൽ അറിയിക്കാനുള്ള ഒരുക്കത്തിലുമാണ് അശോകൻ. മകൾ തിരികെ വന്നാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും അശോകൻ മറുനാടനോട് പറഞ്ഞു.