കൊച്ചി: ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങീ സിനിമകളിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച നടി സാഷാ സെൽവരാജ് എന്ന രഞ്ജിനിയും ഭർത്താവും ജപ്തി നടപടികൾ നേരിട്ടു കൊണ്ടിരുന്ന ഫ്ളാറ്റ് പണയത്തിന് നൽകി വഞ്ചിച്ചെന്ന് പരാതി. എറണാകുളം സെൻട്രൽ പൊലീസിൽ ഇതു സംബന്ധിച്ച് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

എറണാകുളം സ്വദേശിനിയായ സുരഭി നിക്കോളാസിനെയാണ് രഞ്ജിനിയും ഭർത്താവ് പിയറും ജപ്തി നടപടികൾ മറച്ചു വച്ചു കൊണ്ട് 20 ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് പണയത്തിന് നൽകിയത്. താമസം തുടങ്ങി രണ്ടാം മാസം ബാങ്ക് അധികൃതരെത്തി ജപ്തി നോട്ടീസ് പതിപ്പിക്കുകയും പിന്നീട് ഇവരെ ഇറക്കി വിടുകയും ചെയ്തു. പണം തിരികെ ചോദിച്ചപ്പോൾ ജപ്തി നടപടികൾ നേരിടുന്ന ഫ്ളാറ്റ് വിൽപ്പന നടത്തി പണം തിരികെ നൽകാമെന്നായിരുന്നു മറുപടി. എന്നാൽ പണം കിട്ടാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയെങ്കിലും മറ്റ് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല എന്ന് സുരഭി പറയുന്നു.

മറൈൻ ഡ്രൈവിലുള്ള അലൈൻസ് റെസിഡൻസ് ഫ്ളാറ്റ് സമുച്ചയത്തിലെ 9ഡി ഫ്ളാറ്റാണ് ബാങ്ക് ലോൺ ബാധ്യത മറച്ചു വച്ചു കൊണ്ട് സുരഭിക്ക് രഞ്ജിനിയും ഭർത്താവ് പിയറും പണയത്തിന് നൽകിയത്. 11 മാസത്തേക്ക് 20 ലക്ഷം രൂപയാണ് ഇവർ വാങ്ങിയെടുത്തത്. സുരഭിയും കുടുംബവും ഇവിടെ താമസിച്ച് വരുന്നതിനിടെയാണ് ജനുവരിയിൽ ബാങ്ക് ജപ്തി നടപടികൾ സ്വകരിച്ചത്. ഇതോടെ മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. പണയത്തിനായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചെങ്കിലും രഞ്ജിനിയും ഭർത്താവും പണം കയ്യിലില്ലെന്നും ജപ്തിയിലായ ഫ്ളാറ്റ് വിറ്റ് പണം നൽകാമെന്ന വിചിത്ര മറുപടിയാണ് നൽകിയത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.

പണം നൽകി 11 മാസം കഴിയും മുൻപേ ഫ്ളാറ്റിൽനിന്നും ഇറങ്ങിയ പരാതിക്കാരിക്ക് എഗ്രിമെന്റ് കാലാവധിയായ 11 മാസം കഴിഞ്ഞിട്ടും പണം തിരികെ നൽകിയിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും നീതിപൂർവ്വമായ ഇടപെടൽ ഉണ്ടാവാതിരുന്നതോടെയാണ് രഞ്ജിനിയും ഭർത്താവും തന്നെ ചതിച്ച വിവരം മാധ്യമങ്ങളുടെ മുന്നിൽ അറിയിക്കാൻ ഇടയായത്. പണം തിരികെ കിട്ടാത്ത പക്ഷം രഞ്ജിനി താമസിക്കുന്ന പനമ്പള്ളി നഗറിലെ ഫ്ളാറ്റിന് മുന്നിൽ സത്യാഗ്രഹം നടത്താനുള്ള തീരുമാനത്തിലാണെന്ന് സുരഭി നിക്കോളാസ് മറുനാടനോട് പറഞ്ഞു.

അതേ സമയം ഫ്ളാറ്റ് വിൽപ്പന നടക്കാത്തതാണ് പണം തിരികെ നൽകാൻ കഴിയാത്തതെന്നാണ് രഞ്ജിനിയുടെ പ്രതികരണം. വിൽപ്പന നടന്നാൽ ഉടൻ തന്നെ പണം തിരികെ നൽകുമെന്നും അവർ പറയുന്നു.