കാസർകോട്: കാസർഗോഡ് കുഴിമന്തി വിവാദത്തിന് കാരണമായ അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയാണെന്ന് വാദത്തിന് കൂടുതൽ ബലം നൽകി രാസപരിശോധനാഫലം. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തൽ. കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേരത്തെ 19കാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആത്മഹത്യ ചെയ്യുന്നുവെന്ന സൂചനകളുമായുള്ള കുറിപ്പ് പൊലീസിന് കിട്ടിയിരുന്നു. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും.. പോകുകയാണ് എന്ന തരത്തിലെ കുറിപ്പാണ് പൊലീസിന് കിട്ടിയത്. ഈ കുറിപ്പ് കോടതിയിലും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.

മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ് പൊലീസ് നൽകിയത്. എന്നാൽ തങ്ങൾക്ക് ഇതുവരെ ഔദ്യോഗികമായി രാസ പരിശോധന വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴും കേസന്വേഷണം ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ്. പെൺകുട്ടിയുടെ സംശയകരമായ മരണം വിവാദമായതോടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ സംഭവത്തിലെ ദുരൂഹത അകറ്റിയ പൊലീസ് അന്വേഷണ സംഘത്തിന് റേഞ്ച് ഡി ഐ ജി യുടെ പ്രശസ്തി പത്രം ലഭിച്ചിരിക്കുകയാണ്.

സംഭവം നടന്ന ഉടൻ തന്നെ കുഴിമന്തി ഭക്ഷശാല ഉടമയെ കസ്റ്റഡിയിലെടുത്തതും തെളിവുകൾ ഒന്നും നശിച്ചു പോകാതിരിക്കാൻ ഹോട്ടലിന് കനത്ത സുരക്ഷ നൽകിയതും പൊലീസിന്റെ മികവാണ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല നേരത്തെ കുഴിമന്തി ഭക്ഷ്യവിഷബാധ എന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്കൊന്നും പൊലീസിന്റെ പിന്തുണയും ഉണ്ടായിരുന്നില്ല. ബേക്കൽ ഡിവൈഎസ്‌പി സുനിൽകുമാർ ഭക്ഷ്യവിശബാധ എന്ന മാധ്യമ വാർത്തകൾക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർത്തിയിരുന്നു. മേല്പറമ്പ പൊലീസ് സ്റ്റേഷൻ സി ഐ ടി ഉത്തംദാസ് , എസ് ഐ വിജയൻ വി കെ, സിവിൽ പൊലീസുകാരായ സീമ, രഞ്ചിത്ത് എന്നിവർക്കാണ് ബേക്കൽ ഡിവൈഎസ്‌പി യുടെയും കാസർഗോഡ് എസ്‌പി യുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകി ഉത്തരവായത്

പുരുഷ സുഹൃത്ത് വിപിൻരാജിന്റെ മരണത്തിനു ശേഷവും കോളേജിലെ എല്ലാ കലാകായിക മത്സരങ്ങളിലും അഞ്ജുശ്രീ പങ്കെടുത്തിരുന്നു. എൻസിസിയിലെ പ്രകടനത്തിന് ഒന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു. വലിയൊരു ദുഃഖം പേറിയാണ് പെൺകുട്ടി കഴിഞ്ഞിരുന്നത് എന്ന് കൂട്ടുകാർക്കോ അദ്ധ്യാപകർക്ക് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള പ്രകടനം ആയിരുന്നു അഞ്ജുശ്രി പ്രകടിപ്പിച്ചിരുന്നത്. ആദ്യം പരിശോധനയ്ക്ക് എത്തിയ മേൽപ്പലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇത് സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം തീയതി ചികിത്സക്കായി തന്റെ അരികിലെത്തുമ്പോൾ പെൺകുട്ടി പ്രസന്നവതിയായിരുന്നു. കുഴിമന്തി കഴിച്ചതിന് പിന്നാലെ ചർദ്ദിച്ചു എന്നതൊഴിച്ചു മറ്റൊരു കാര്യമോ അസ്വസ്ഥതയോ കുട്ടി പ്രകടിപ്പിച്ചിരുന്നില്ല. ആവർത്തിച്ചു ചോദിച്ചിട്ടും ഒന്നുമില്ല എന്നാണ് പറഞ്ഞത്. ഇതോടെയാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രാഥമിക ചികിത്സ നൽകിയത്. മുഖത്ത് പുഞ്ചിരിയും സംസാരിക്കാൻ മിടുക്കിയും ആയിരുന്നു കുട്ടി. ആശുപത്രിയിൽ നടത്തിയ രണ്ട് പരിശോധനകളും അണുബാധ സ്ഥിരീകരിക്കാനുള്ളതായിരുന്നു. എലി വിഷവുമായി ബന്ധപ്പെട്ട ഒരു സംശയവും ഇല്ലാത്തതിനാൽ അത്തരത്തിലുള്ള പരിശോധന നടത്തിയിരുന്നില്ല.

അതേസമയം അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കിൽ എങ്ങനെയാണ് അവൾക്കൊപ്പം കുഴിമന്തി കഴിച്ചവർക്ക് അസുഖം വന്നതെന്ന ചോദ്യം അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഉയർത്തുന്നുണ്ടെങ്കിലും ആത്മഹത്യക്കുറിപ്പും രാസ പരിശോധന റിപ്പോർട്ടും കുടുംബം അംഗീകരിച്ച നിലയിലാണ്. അതേസമയം അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കിലും മരണത്തിന്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയൽ അൽ റൊമാൻസിയ ഹോട്ടൽ കുറച്ചു നാൾ കൂടി അടഞ്ഞുതന്നെ കിടക്കുമെന്നാണ് സൂചനകൾ.

ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി പറയുന്നത്. മാത്രമല്ല ഇറച്ചി സൂക്ഷിക്കുന്ന ശുദ്ധീകരണ സംവിധാനം വൃത്തിഹീനമായിരുന്നു എന്ന് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് കാസർകോട് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് മുനീർ പറഞ്ഞു.

അതേ സമയം പെൺകുട്ടിയുടെ മരണത്തിന് കാരണമായി എന്ന് പറയുന്ന പുരുഷ സുഹൃത്തിന്റെ മരണം പുറത്തുകൊണ്ടുവന്നത് ആദ്യം മറുനാടൻ മലയാളിയായിരുന്നു. മറുനാടൻ റിപ്പോർട്ടർ പുരുഷ സുഹൃത്ത് വിപിൻരാജിന്റെ വീട്ടിലെത്തിയതിന് മണിക്കൂറുകൾക്കു ശേഷമാണ് പൊലീസ് വീട് തേടി കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധ എന്ന മറ്റുള്ള മാധ്യമങ്ങളെ പോലെ തന്നെ മറുനാടനും നൽകിയിരുന്നതാണ്. എന്നാൽ വാർത്തയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നു എന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല ആത്മഹത്യയാണെന്ന് തെളിവുകൾ സഹിതം പുറത്ത് എത്തിച്ചതും മറുനാടൻ മലയാളിയാണ് .