കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവിയുടെ മുഖവുമായ ഡോ അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനാകാൻ വീണ്ടും മോഹം ഉദിച്ചത് മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. കേരള സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോലി രാജിവച്ചാണ് അരുൺകുമാർ റിപ്പോർട്ടറിൽ എത്തിയത്. എന്നാൽ ദിവസം കഴിഞ്ഞപ്പോൾ ആ രാജിയിൽ അരുൺകുമാറിന് സംശയം തുടങ്ങി. ഈ വാർത്തയാണ് മറുനാടൻ ജൂലൈയിൽ റിപ്പോർട്ട് ചെയ്തത്. ആ വാർത്ത പൂർണ്ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ പുറത്തു വന്നു.

പാലക്കാട്ടുകാരനായ വ്യക്തി വിവരാവകാശത്തിൽ കൂടിയാണ് അരുൺകുമാറിന്റെ രാജിക്കത്ത് സ്വന്തമാക്കിയത്. ജൂൺ അഞ്ചിനുള്ള രാജിക്കത്ത് മനസ്സ് പൂർണ്ണമായും അർപ്പിക്കാതെ എടുത്ത തീരുമാനമാണെന്നും അതുകൊണ്ട് അടിയന്തരമായി ജോലിയിൽ തിരികെ കയറാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെന്നായിരുന്നു മറുനാടൻ വാർത്ത. ഇതിന് പിന്നാലെ എങ്ങും തൊടാത്ത ഫെയ്സ് കുറിപ്പ് അരുൺകുമാർ ഇട്ടു. രാജി പിൻവലിക്കാൻ കത്തു നൽകിയെന്ന വാദം പരോക്ഷമായി തള്ളുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നതായിരുന്നു ആ കുറിപ്പ്. എന്നാൽ ഒന്നും വ്യക്തവുമില്ലായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ മറുനാടൻ പുറത്തു വിടുന്ന രാജികത്തിന് പ്രസക്തി കൂടുന്നത്.

നാലു വരികളുള്ള രാജികത്ത് പിൻവിലിക്കാനുള്ള അപേക്ഷയാണ് 2023 ജൂലൈ പത്തിന് ഇമയിലിലൂടെ അരുൺകുമാർ നൽകിയത്. സബ്ജക്ട് ലൈനിൽ തന്നെ ഇതു വ്യക്തമാണ്. രാജിക്കത്ത് പിൻവലിക്കുന്നതിനുള്ള അപേക്ഷ എന്നാണ് സബ്ജക്ടായി നൽകിയത്. ജൂൺ അഞ്ചിന് രാജി കത്ത് നൽകിയെന്നും അത് മനസ്സ് അർപ്പിക്കാതെ തിടുക്കത്തിൽ എടുത്ത തീരുമാനമായിരുന്നുവെന്നാണ് ജൂലൈ പത്തിനുള്ള ഇമെയിലിൽ പറയുന്നത്.

രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും തിരികെ ജോലിയിൽ എത്രയും വേഗം പ്രവേശിപ്പിക്കണമെന്നുമാണ് അപേക്ഷ. ജോലിക്ക് വരാത്ത കാലയളവിനെ അലവൻസുകളില്ലാത്ത അവധിക്കാലമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ഈ കത്ത് കേരള സർവ്വകലാശാല പരിഗണിച്ചു പോലുമില്ല.

ജൂൺ 26ന് തന്നെ അരുൺകുമാറിന്റെ രാജിക്കത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ അത് ഉത്തരവായി പുറത്തു വന്നിരുന്നില്ല. അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് കിട്ടിയതോടെ അക്കാര്യത്തിൽ ഉത്തരവും പുറത്തു വന്നു. ഓഗസ്റ്റ് മൂന്ന് അരുൺകുമാറിന്റെ രാജി അപേക്ഷ അംഗീകരിച്ച് തീരുമാനവും ഉത്തരവായി പുറത്തു വന്നു. ഇതോടെ അരുൺകുമാറിന് കേരള സർവ്വകാലാശാലയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്ന അവസ്ഥയും വന്നു. നേരത്തെ കേരളാ സർവ്വകലാശാലയ്ക്ക് അരുൺ കുമാറിന്റെ രാജി പിൻവലിക്കൽ അപേക്ഷ കിട്ടിയെന്ന് മറുനാടനോട് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സമ്മതിച്ചിരുന്നു.

ജൂലൈ പത്തിന് രജിസ്ട്രാർക്കാണ് അരുൺകുമാറിന്റെ രാജി പിൻവലിക്കുന്നതിനുള്ള ഇമെയിൽ അപേക്ഷ എത്തിയത്. മെയിൽ കിട്ടിയ രജിസ്ട്രാർ ഇത് വൈസ് ചാൻസലറുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അരുൺകുമാർ യൂണിവേഴ്‌സിറ്റി പൊളിട്ടിക്കൽ സയൻസിൽ അസി പ്രൊഫസറായിരുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ 24 ന്യൂസിന്റെ ഭാഗമായി. അന്ന് കോവിഡ് പ്രോജക്ടിന്റെ ഭാഗമായാണ് 24 ന്യൂസിൽ എത്തിയത്. ജോലിയിൽ നിന്ന് അവധി പോലും എടുത്തിരുന്നില്ല. ഇത് വിവാദമായപ്പോൾ അരുൺകുമാർ തിരികെ ജോലിക്ക് എത്തി. അന്ന് പ്രൊബേഷൻ കാലമായതു കൊണ്ട് അവധി നൽകാൻ പറ്റാത്ത സാഹചര്യം കേരള സർവ്വകാലശാലയ്ക്ക് ഉണ്ടായിരുന്നു.

പ്രൊബേഷൻ കഴിഞ്ഞയുടൻ വീണ്ടും അവധിക്ക് അപേക്ഷിക്കുന്നവർക്ക് അത് അനുവദിക്കുന്ന നിലപാട് പുതിയ വൈസ് ചാൻസലർക്ക് ഉണ്ടായിരുന്നില്ല. അതിനിടെയാണ് അരുൺകുമാർ രാജി നൽകി റിപ്പോർട്ടറിന്റെ ഭാഗമായത്. ഗവേഷക വിദ്യാർത്ഥികൾക്ക് ഗെയ്ഡ് ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു അവധി നൽകില്ലെന്ന് വിസി നിലപാട് എടുത്തത്. ഇതോടെ അരുൺകുമാർ രാജിവച്ചു. അതിന് ശേഷമാണ് വീണ്ടും രാജി പിൻവലിക്കാൻ അരുൺകുമാർ കത്ത് നൽകിയത്.

സർവ്വകലാശാല ജോലിയിൽ നിന്നും റിലീവ് ചെയ്ത് പോകുന്നവർക്ക് വേണമെങ്കിൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാം. മറ്റ് സർക്കാർ ജോലി കിട്ടുമ്പോഴാണ് സാധാരണ ഇങ്ങനെ റിലീവ് ചെയ്യാറ്. എന്നാൽ അരുൺകുമാർ കേരള സർവ്വകലാശാലയിൽ നിന്നും രാജി വച്ച് പോയതാണ്. അതുകൊണ്ട് തന്നെ രാജി പിൻവലിക്കുന്നതിന് സർവ്വകലാശാല അനുകൂല തീരുമാനം എടുത്തില്ല. രാജി വച്ച് പോവുകയും അത് യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അരുൺകുമാറിനെ തിരിച്ചെടുത്താൽ അത് നിയമ പ്രശ്‌നങ്ങളിലേക്ക് പോവുകയും ചെയ്യുമായിരുന്നു

റിപ്പോർട്ടർ ടിവിയുടെ പ്രധാന മുഖമാണ് അരുൺകുമാർ. എഡിറ്റോറിയൽ ടീമിലെ പ്രധാനി. തുടക്കത്തിലെ പ്രശ്‌നങ്ങൾ അതിജീവിച്ച് റിപ്പോർട്ടർ ടിവി പ്രേക്ഷക ശ്രദ്ധ നേടുമ്പോഴാണ് അരുൺ കുമാറിന്റെ അദ്ധ്യാപകനായി തിരികെ പോകാനുള്ള നീക്കം മറുനാടൻ പുറത്തു വിട്ട വാർത്തകളിലൂടെ ചർച്ചകളിൽ എത്തിയത്. ഇതോടെയാണ് എങ്ങും തൊടാത്ത വിശദീകരണവുമായി അരുൺകുമാർ സോഷ്യൽ മീഡിയയിൽ എത്തിയതും.