തിരുവനന്തപുരം: മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയക്കും പിന്തുണയുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്ത്. വർത്തമാന കാലത്ത് സത്യം പറയുന്ന മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. മാധ്യമങ്ങളെ കോർപ്പറേറ്റ് മൂലധന നിക്ഷേപങ്ങളിലൂടെ കൈയിലെടുക്കുകയും അതിനു വഴങ്ങാത്തവരെ കൽത്തുറുങ്കു കാണിച്ചും യു എ പി എ ചുമത്തിയും അർബൻ നെക്സലുകളാക്കിയും ചിത്രീകരിക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു. ഈ രൂപത്തിൽ ലോകത്തു തന്നെ ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതേ രീതി കേരളത്തിലും സ്വീകരിക്കുകയാണ്.

കേരളത്തിൽ ഏഷ്യാനെറ്റിന്റെ അഖില നന്ദകുമാർ എന്ന റിപ്പോർട്ടർക്കെതിരെ കേസെടുത്തിരിക്കുന്നത് ആർഷോ എന്ന എസ് എഫ് ഐയുടെ നേതാവ് നടത്തിയ കുറ്റകരമായ കാര്യത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ്. അതിനു അവർ വാർത്ത ചമച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മാത്രമല്ല മനോരമയുടെ കൊല്ലത്തെ റിപ്പോർട്ടർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നു. മാധ്യമങ്ങളെ സംബന്ധിച്ചു അവർ വാർത്ത നൽകുന്നത് കൃത്യമായ തെളിവു സഹിതമാണ് വാർത്തകൾ നൽകുന്നത്.

ഷാജൻ സ്‌കറിയയെ പോലുള്ള ആളുകൾ നിരവധി തവണ വേട്ടയാടപ്പെടുന്നു. ഇതിനെതിരെ ശക്തമായി പ്രതികരണം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം. കമ്മ്യൂണിസ്റ്റ് മാർകിസ്റ്റ് പാർട്ടിക്കെതിരെ ആരെങ്കിലും ഒന്നു പ്രതികരിച്ചാൽ കൂട്ടമായി വന്ന് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന പ്രവണതയാണ്. ഇത്തരത്തിൽ മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന സാമൂഹ്യ സാഹചര്യം കേരളത്തിൽ നിലനിൽക്കുകയാണ്. ഇതിനു ശക്തമായ അവബോധം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിനു സാംസ്‌കാരിക പ്രവർത്തകർ കൃത്യമായി പ്രതികരിക്കേണ്ടതുണ്ട്. അന്വേഷണ ത്വരയുള്ള മാധ്യമ പ്രവർത്തനത്തെ ഭരണപക്ഷം ഭയപ്പെടുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് മറുനാടനോട് പ്രതികരിച്ചു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉയർന്ന മൂല്യങ്ങളുള്ള രാജ്യത്ത് ഷാജൻ സ്‌കറിയയെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് വേണ്ടി നിലകൊള്ളേണ്ടത് സർക്കാരുകളുടെ പ്രധാന കടമയെന്ന് ശശി തരൂർ എം പി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വലിയ മാധ്യമ സ്വാതന്ത്ര്യം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്ന കേരളം ഇന്ന് അതിന്റെ ഭീഷണിയിലാണെന്നും, ഈ സ്ഥിതി മാറ്റിയെടുക്കാൻ മുന്നിട്ട് ഇറങ്ങേണ്ടത് പിണറായി സർക്കാർ തന്നെയാണെന്നും തരൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മറുനാടൻ മലയാളിക്കെതിരെ സോഷ്യൽ മീഡിയയിൽ പിവി അൻവർ എംഎൽഎ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് മറുനാടൻ ശശി തരൂരിന്റെ അഭിപ്രായം തേടിയത്. ഭരണഘടനാ വിരുദ്ധമായ കടന്നാക്രമണങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് തരൂർ വിലയിരുത്തി. കള്ളക്കേസുകളിലൂടെ മറുനാടനെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് തരൂരിന്റെ വാക്കുകൾ. രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പിറകെ മറ്റൊരു പ്രധാന നേതാവ് കൂടി മറുനാടനെ പിന്തുണയ്ക്കുകയാണ്. പൊതു സമൂഹത്തിൽ നിന്ന് വലിയ പിന്തുണയാണ് മറുനാടന് ലഭിക്കുന്നത്.

ശശി തരൂർ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: ഭരണഘടനയിൽ അനുവദിച്ചിട്ടുള്ളതാണ് അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് അഭിപ്രായം പറയാനും ഏതു മാധ്യമം വഴി ജനങ്ങളിൽ എത്തിക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ഈ അവകാശം ഷാജൻ സ്‌കറിയയ്ക്കുമുണ്ട്. പല സംസ്ഥാനത്തും മാധ്യമ സ്വാതന്ത്ര്യം എന്നത് മാധ്യമ പ്രവർത്തകരെ ബാധിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുണ്ട്. കേരളത്തിൽ അഭിപ്രായ സ്വതന്ത്ര്യം എന്നത് നമ്മുടെ അടയാളമായി മാറിയിട്ടുണ്ട്. അത് എല്ലാ മലയാളികൾക്കും അഭിമാനമാണ്. അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിലെ മാധ്യമങ്ങളാണ് കുറച്ചെങ്കിലും ധൈര്യം കാണിച്ചതെന്നും തരൂർ വ്യക്തമാക്കി.