കൊല്ലം: വാഹനം തടഞ്ഞ് നിർത്തി പിരിവ് നൽകാതിരുന്ന യുവാവിനെ ഒരു കൂട്ടം യുവാക്കൾ തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൊല്ലം കടയ്ക്കലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുന്ന വഴി ഓന്തുപച്ച എന്ന സ്ഥലത്ത് നടന്ന സംഭവം എന്ന പേരിലാണ് മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിൽ സംഭവം ശ്രദ്ധയിൽപെട്ട കൊല്ലം റൂറൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. അനധികൃത പിരിവിനെതിരെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ചിത്രീകരിച്ച ബോധവത്ക്കരണ വീഡിയോ ആണ് എന്നാണ് പൊലീസ് അറിയിച്ചത്.

കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശികളായ ജിഷ്ണുവും സുജിത് രാമചന്ദ്രനും ചേർന്നാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ വീഡിയോ രംഗങ്ങൽ ചിത്രീകരിച്ചത്. നാട്ടിൽ എന്ത് തരം ആഘോഷങ്ങൾ നടന്നാലും ചിലർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പിരിവ് ചോദിക്കുന്നത് പതിവാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ഇത്തരം പിരിവുകൾ നടക്കുന്നത്. ഇതിനെതിരെ ഒരു ബോധവത്ക്കരണ വീഡിയോ ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചു.

അങ്ങനെയാണ് വീഡിയോയിൽ കാണുന്ന രംഗങ്ങൾ ചിത്രീകരിച്ചത്. ചൊഴിയക്കോട് എന്ന സ്ഥലമാണ് ഇതിനായി ഇവർ തിരഞ്ഞെടുത്തത്. ഒരു കുടുംബം യാത്ര ചെയ്യുമ്പോൾ കുറച്ചു പേർ റോഡിൽ തടഞ്ഞ് നിർത്തി പിരിവ് ചോദിക്കുകയും പിരിവ് നൽകാതാവുമ്പോൾ പിടിച്ചിറക്കി മർദ്ദിക്കുന്നു. ഇതായിരുന്നു തിരക്കഥ. വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ കളിമാറി. കൊല്ലം ജില്ലയിൽ നടന്ന അതിദാരുണ സംഭവമെന്ന പേരിൽ പല പേജുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വീഡിയോ പറന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജിഷ്ണുവിനും സുജിത്തിനും മറ്റ് അഭിനേതാക്കളായ സുഹൃത്തുക്കൾക്കും നിലയ്ക്കാത്ത ഫോൺ വിളികളായി. മർദ്ദനത്തിലെ പ്രതിഷേധം അറിയിക്കാനായിരുന്നു വിളികൾ. ആദ്യമൊക്കെ വീഡിയോ വൈറലായതിന്റെ സന്തോഷമായിരുന്നെങ്കിലും ഇന്ന് രാവിലെ പൊലീസിന്റെ വിളി എത്തിയപ്പോൾ ആ സന്തോഷം കെട്ടു. കുളത്തൂപ്പുഴ സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു ജിഷ്ണുവിന് ലഭിച്ച ഫോൺകോളിൽ പറഞ്ഞത്. ഇതോടെ ജിഷ്ണുവും സുജിത്തും പൊലീസ് സ്റ്റേഷനിലെത്തി.

സിഐ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോൾ മാത്രമാണ് ഇത് യഥാർത്ഥ മർദ്ദന ദൃശ്യങ്ങളല്ല എന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടത്. തുടർന്ന് ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. വീഡിയോയിൽ മർദ്ദനമേൽക്കുന്നത് ജിഷ്ണുവിനാണ്. അതിനാൽ തനിക്ക് മർദ്ദനമേറ്റിട്ടില്ലാ എന്നും പരാതിയില്ലാ എന്നും പൊലീസ് എഴുതി വാങ്ങി. ഇക്കാര്യങ്ങളെല്ലാം ജില്ലാ റൂറൽ പൊലീസ് മേധാവിയെ അറിയിക്കുകയും ചെയ്ത ശേഷം ഇരുവരെയും പൊലീസ് മടക്കി അയച്ചു.

നേരത്തെ വന്യമൃഗ ശല്യം നാട്ടിൽ രൂക്ഷമായപ്പോൾ ഇരുവരും ചേർന്ന് ഒരു കർഷകൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനോട് തർക്കിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചിരുന്നു. നാട്ടിലെ പ്രശ്നങ്ങളും മറ്റും ഇതുവഴി ഉദ്യോഗസ്ഥരെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ വീഡിയോയും പത്തു ലക്ഷത്തിലധികം ആളുകൾ കണ്ടിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള വീഡിയോ ആയിരുന്നെങ്കിലും നല്ലൊരു ഉദ്ദേശ ലക്ഷ്യം പിന്നിലുള്ളതിനാൽ പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ചില്ല.