കൊച്ചി: എറണാകുളം കൺട്രോൾ റൂം മുൻ സി ഐ എ വി സൈജുവിനെതിരെയുള്ള പീഡന കേസ് ക്ലൈമാക്‌സിലേയ്ക്ക് നീങ്ങുന്നു. രണ്ടാമത്തെ പീഡന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെ ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു സി ഐ. ഹൈക്കോടതിയിൽ സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനെ രംഗത്തിറക്കിയാണ് എ.വി. സൈജു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകനെ പോലും അമ്പരപ്പിച്ചായിരുന്നു സൈജുവിന്റെ അഭിഭാഷകന്റെ പ്രകടനം.

കേസിലെ ഇരയായ യുവതിയും പ്രത്യേക അഭിഭാഷകനെ ഹാജരാക്കിയിരുന്നു. ജാമ്യത്തിനായുള്ള വാദത്തിനിടെ സി ഐ സൈജു പീഡിപ്പിച്ചത് സംബന്ധിച്ച് ആദ്യം പരാതി നൽകിയ വനിത ഡോക്ടറുടെ ഗൂഢാലോചനയാണ് രണ്ടാമത്തെ കേസെന്ന വാദം സൈജുവിന്റെ അഭിഭാഷകൻ ഉയർത്തി. തെളിവുകളൊന്നുമില്ലാത്ത ആരോപണമാണ് സൈജുവിന് വേണ്ടി ഉയർത്തപ്പെട്ടത്. ആരോപണത്തിന്റെ വിശ്വാസ്യതയിൽ സംശയം ഉള്ളതു കൊണ്ട് തന്നെ വാദത്തെ കോടതി തള്ളി. ഇതോടെ സൈജു വെട്ടിലായിരിക്കുകയാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച സൈജു ഇതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കും മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ സൈജുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് മുൻകൂർ ജാമ്യ ഹർജി തള്ളുന്ന വിധിയിൽ ജസ്റ്റീസ് ബച്ചു കുര്യൻ ജോസഫ് പറയുന്നു.

സൈജുവിന് മുന്നിൽ ഇനി രണ്ട് വഴിയാണുള്ളത്. ഒന്നുകിൽ കോടതിയിൽ കീഴടങ്ങുക. അല്ലെങ്കിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക. ഇതിൽ രണ്ടാമത്തെ നീക്കം ഉണ്ടാവുമെന്നാണ് സൂചന. ഇത്രയും ദിവസം സൈജു ഒളിവിൽ കഴിഞ്ഞതും പൊലീസ് നടപടി ശക്തമാക്കാത്തതും ജാമ്യം ലഭിക്കാൻ വേണ്ടിയായിരുന്നു. അതിനി സാധ്യമല്ലാത്ത സാഹചര്യത്തിൽ പൊലീസിൽ നിന്നും സൈജുവിന് കാര്യമായ സഹായം കിട്ടില്ല. സൈജുവിനെ വഴിവിട്ട് പൊലീസ് സഹായിക്കുന്നുവെന്ന ആക്ഷേപങ്ങൾ നിലനിൽക്കുകയാണ്. ഇതിനിടെ കേസിന്റെ അന്വേഷണവും തുടർ നടപടിയും ക്രൈം ബ്രാഞ്ചിന് വിടാൻ ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തു കഴിഞ്ഞു. ഇതിനിടെ ചില സഖാക്കളും സേനയിലെ ഇടത് സംഘടനാ നേതാക്കളും സൈജുവിനെ രക്ഷിക്കാൻ രംഗത്തുണ്ട് . ഒരു പൊലീസ് ഓഫീസർക്കെതിരെ തുടർച്ചയായി രണ്ട് പീഡന പരാതി വന്നിട്ടും സേനയിലെ ഉന്നതർ അത് നിസാര വത്കരിച്ചുവെന്നും ആക്ഷേപം ഉണ്ട്.

കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസാണ് സൈജുവിനെതിരെ രണ്ടാമത് കേസെടുത്തത്. ഇതിനൊപ്പം ഇരയെ ആക്രമിച്ചതിനും കേസ് എടുത്തു. അതിനിടെ കേസെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈംഗികമായി പിഡിപ്പിച്ചെന്നാണ് പരാതി . അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സി ഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഇരയുടെ ഭർത്താവിനെതിരെ ഉയർത്തിയ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുമ്പ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലും സിഐ. പ്രതിയായിരുന്നു. ആ സംഭവത്തിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കഴിഞ്ഞ മാസം കൊച്ചി കൺട്രോൾ റൂം സിഐ.യായിരുന്ന സൈജു സസ്‌പെൻഷനിലായി. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും കഴിഞ്ഞ മാസം 26-ന് സസ്പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ 29-നാണ് നെടുമങ്ങാട് സ്റ്റേഷനിൽ പുതിയ പരാതിയെത്തുന്നത്. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ വീണ്ടും ക്രിമിനൽക്കേസുകളിൽപ്പെടുകയാണെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ട്. പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറൽ പൊലീസ് ശ്രമിച്ചിട്ടില്ല. സൈജു ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കേസ് അട്ടിമറിക്കാൻ നെടുമങ്ങാട് പൊലീസീനെ സേനയിലെ ഓഫീസർമാരുടെ ഇടതു സംഘടനയിലെ ഒരു ഉന്നതൻ സ്വാധീനിച്ചതായും സൂചനയുണ്ട്. നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടമറിയിലൂടെ അറസ്റ്റ് ഒഴിവാക്കി. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. ഇതേ തന്ത്രമാണ് ഇപ്പോഴും പുറത്തെടുത്തത്.

സിഐയുടെ ബലാത്സംഗം അറിഞ്ഞ ഇരയുമായി ഭർത്താവ് പിണക്കത്തിലായി. ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി. ഇതോടെ അവർ സൈജുവിനെ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് വീട്ടിലെത്തിയ ഇര പുറത്തു നിന്നു. വീട്ടിലേക്ക് കയറിവരാൻ നിർദ്ദേശിച്ചപ്പോൾ ഭാര്യയും മകളും വിളിച്ചാലെ വരൂവെന്നും പറഞ്ഞു. ഇതെല്ലാം തൊട്ടു മുമ്പിലുള്ള ഡോക്ടർ കുടുംബത്തിന്റെ സിസിടിവിയിലും പതിഞ്ഞു. ബൈക്ക് പുറത്തു വച്ച് നിന്ന ഇരയെ സൈജുവിന്റെ ഭാര്യയും മകളും വിളിച്ചു. ഇതോടെ അവർ വീട്ടിനുള്ളിലേക്ക് കയറി. സൈജുവും ഭാര്യയും മകളും മകനുമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ മകനൊഴികെ എല്ലാവരും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് ഇര പരാതിപ്പെടുന്നു. വായിൽ തുണി കുത്തികയറ്റിലും കൈ കെട്ടിയിട്ടുമെല്ലാം ക്രൂരമായി മർദ്ദിച്ചു.

മർദ്ദനത്തിൽ അവശയായപ്പോൾ ഇനി തല്ലിയാൽ ചത്തുപോകുമെന്ന് സൈജുവിന്റെ ഭാര്യയും പറഞ്ഞു. ഇതിന് ശേഷം അവർ തന്നെ യുവതിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇയാൾ വരാൻ കൂട്ടാക്കിയില്ല. അതിന് ശേഷവും മർദ്ദനം തുടർന്നുവെന്നാണ് പരാതി. പിന്നീട് യുവതിയുടെ കെട്ടഴിച്ച് അവരുടെ ഫോൺ ലോക്ക് മാറ്റിയ ശേഷം ഭർത്താവിനെ വിളിപ്പിച്ചു. ഇതിനിടെ ഫോണിലെ ചില രേഖകൾ സൈജുവിന്റെ മകൾ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഭാര്യയിൽ നിന്നും പ്രശ്നത്തിന്റെ തീവ്രത മനസ്സിലായപ്പോൾ പിണക്കത്തിലാണെങ്കിലും ഭർത്താവ് അവിടെ എത്തി. കതക് തുറന്ന് ഭാര്യയുമായി പുറത്തേക്ക് ഇറങ്ങി. ഈ സമയം നാട്ടുകാരും അവിടെ തടിച്ചു കൂടിയിരുന്നു. അവർ പൊലീസിനെ അറിയിച്ചിരുന്നുവെന്നും ഇര പറയുന്നു.

അവിടെ നിന്ന് നേരെ പൊലീസ് സ്റ്റേഷനിൽ പോയി. പരാതി നൽകിയ ശേഷം ആശുപത്രിയിൽ പരിശോധനയും നടത്തി. അതിന് ശേഷം അടുത്ത ദിവസം രാവിലെ വരാൻ പറഞ്ഞ് അവരെ വിടുകയായിരുന്നു. അടുത്ത ദിവസം രാവിലെ എത്തിയപ്പോൾ നിങ്ങൾക്കെതിരേയും പരാതിയുണ്ട്. കേസെടുക്കേണ്ടി വരുമെന്നാണ് പൊലീസ് സ്റ്റേഷനിലെ ചിലർ പറഞ്ഞത്. ഇതിനിടെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്നിൽ ഇരയുടെ ഭർത്താവിനേയും പ്രതിയാക്കി. സൈജുവിനെതിരായ പരാതിയിൽ ഉറച്ചു നിന്നാൽ ഇരയുടെ ഭർത്താവിന്റെ ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. ഇതിനിടെ തന്നെ സിഐയായിരുന്ന സൈജുവിനെ മലയിൻകീഴിലെ കേസിൽ ഡോക്ടർക്കെതിരായ പീഡന പരാതിയിൽ ജാമ്യം കിട്ടാൻ വ്യാജ രേഖയുണ്ടാക്കിയ കേസിൽ സർക്കാർ സസ്പെന്റ് ചെയ്തിരുന്നു. മലയിൽ കീഴിൽ ഇരയായ വനിത ഡോക്ടർ ഒരു പൊലീസുകാരൻ വഴി പണം ആവിശ്യപ്പെട്ടുവെന്ന് കള്ള മൊഴി കെടുപ്പിച്ചതാണ് സൈജുവിന് പിന്നീട് പാരയായി മാറിയത്. കള്ളമൊഴി നൽകിയ പൊലീസുകാരനും സസ്പെൻഷനിലായി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

സസ്‌പെൻഷനിലായതോടെ ഒളിവിൽ പോയ സൈജുവിനെ രക്ഷിക്കാൻ ചിലർ ശ്രമിച്ചു. ഇരയേയും ഭർത്താവിനേയും അറസ്റ്റു ചെയ്യാനും ശ്രമിച്ചു. ഇത് മനസ്സിലാക്കി ഇര തന്നെ നീതി തേടി തിരുവനന്തപുരം റൂറൽ എസ് പിക്ക് പരാതി കൈമാറി. ഇതോടെയാണ് കേസിൽ വസ്തുതാപരമായ നടപടികൾ തുടങ്ങിയത്. സിസിടിവി അടക്കം പരിശോധിച്ചപ്പോൾ സി ഐ സൈജുവും കുടുംബവും പറയുന്നതിലെ പൊരുത്തക്കേടും കള്ളവും അന്വേഷണ സംഘത്തിന് ബോധ്യമായി എന്നാണ് വിവരം. . മർദ്ദനേറ്റത് ഇരയ്ക്ക് തന്നെയാണന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് സൈജുവിനെതിരെ പുതിയൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ഹെൽമറ്റു കൊണ്ട് തന്നേയും കുടുംബത്തേയും ഇര മർദ്ദിച്ചുവെന്നായിരുന്നു സൈജുവിന്റെ പരാതി. എന്നാൽ തന്റെ ഹെൽമറ്റ് സ്‌കൂട്ടറിൽ വച്ചാണ് ഇര വീട്ടിലേക്ക് കയറിയതെന്നും സി സി ടി വി യിൽ വ്യക്തമാണ്.

നേരത്തെ ഡോക്ടറേയും ക്രൂരമായ ശാരീരിക പീഡനത്തിന് സൈജു ഇരയാക്കിയിരുന്നു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഡോക്ടറുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങൾ കബളിപ്പിച്ചുവെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു.