കാസർകോട് : 2022 ൽ മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ച ചിത്താരി വില്ലജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വെള്ളച്ചാൽ, കൊടക്കാട് ചെറുവഞ്ചേരി ഹൗസ്സിലെ നാരായണന്റെ മകൻ അരുണും വറക്കോട്ട് വയൽ, പിലിക്കോട് നീലാഞ്ജനം വീട്ടിലെ കറുത്തമ്പുവിന്റെ മകൻ വില്ലേജ് അസിസ്റ്റന്റ് സുധാകരനുമാണ് വിജിലൻസിന്റെ പിടിലായത്. കഴിഞ്ഞ വർഷം അരുൺ ആണ് മികച്ച വില്ലേജ് ഓഫീസറായി പുരസ്‌കാരം നേടിയത്

അബ്ദുൾ ബഷീർ എന്നയാൾ തന്റെ സഹോദരിയുടെ ഭർത്താവിന്റെ പേരിൽ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറു മാസം മുമ്പ് എഗ്രിമെന്റ് ഏർപ്പെട്ടിരുന്നു. ഈ സ്ഥലം മരണപ്പെട്ട മൊയ്തീൻ എന്നയാളുടെ പേരിലാണ്. സ്ഥലം വില്ലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ശേഷം സൈറ്റ് പ്ലാനിനും തണ്ടപ്പേർ ലഭിക്കുന്നതിനും വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കാൻ പോയപ്പോൾ ആദ്യം ലീഗൽ ഏയർ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് വില്ലേജ് ഓഫീസർ പറഞ്ഞിരുന്നു.

സ്ഥലം വിൽപ്പന നടത്തുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യണമെങ്കിൽ ലീഗൽ ഏയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരാതിക്കാരൻ മരണപ്പെട്ട മൊയ്തീൻ എന്നയാളുടെ ഭാര്യ ഖദീജയുടെ പേരിൽ ആയതിന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഖദീജയുടെ വീട്ടിൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മറ്റാരും സഹായത്തിന് ഇല്ലാത്തതിനാൽ തൊട്ടടുത്ത വീട്ടുകാരനായ പരാതിക്കാരൻ തന്നെയാണ് വില്ലേജ് ഓഫീസിലും മറ്റും അപേക്ഷയുമായും മറ്റുമുള്ള കാര്യങ്ങളും ചെയ്തിരുന്നത്.

ലീഗൽ ഏയർ സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിനുമാണ് 3,000/ രൂപ കൈക്കൂലി ആവശ്യപ്പെട്ടത് . തുടർന്ന് പരാതിക്കാരൻ കാസർകോഡ് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.പരാതിയെ തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലീൻ പൗഡർ പുരട്ടി പരാതിക്കാരനായ അബ്ദുൾ ബഷീർ. എം എന്നയാളെ ഏൽപ്പിച്ച 3,000/ രൂപ വില്ലേജ് ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശ്വംഭരൻ നായർ വി. കെ. യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കൂടാതെ കൂടാതെ ഇൻസ്‌പെക്ടർ സുനുമോൻ.കെ, സബ്-ഇൻസ്‌പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ. കെ, മധുസൂദനൻ. വി എം, സതീശൻ. പി. വി, അസി. സബ് ഇൻസ്‌പെക്ടർ മാരായ സുഭാഷ് ചന്ദ്രൻ. വി.ടി, പ്രിയ. കെ. നായർ, സീനീയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ. വി, സന്തോഷ്. പി.വി, പ്രദീപ്.കെ.പി, പ്രദീപ് കുമാർ. വി. എം, ബിജു. കെ.ബി, പ്രമോദ് കുമാർ.കെ, ഷീബ. കെ. വി, കുമ്പള അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയ കരുണാകര. കെ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസർകോഡിലെ എംപ്ലോയ്‌മെന്റ് ഓഫീസർ പവിത്രൻ.പി എന്നിവരുമുണ്ടായിരുന്നു.

കൈക്കൂലി നൽകിയാൽ എന്ത് സഹായവും ചെയ്തു നൽകുന്നവരായതുകൊണ്ട് രാഷ്ട്രീയക്കാർക്ക് പ്രിയങ്കരനായിരുന്നു ഈ ഉദ്യോഗസ്ഥർ. ഈ കാരണങ്ങൾ കൊണ്ടേയിരിക്കാം ഒരുപക്ഷേ മികച്ച വില്ലജ് ഓഫീസർ പുരസ്‌കാരം നേടാൻ കഴിഞ്ഞത് എന്നും ആരോപണമുണ്ട്.