ലണ്ടൻ: മറ്റൊരു ക്രിസ്മസ് കാലം കൂടി അടുത്തെത്തുകയാണ്, ഓരോ വീടുകളിലും വിവിധ തരം കേക്കുകളുടെ മഹാമേളയും കൂടിയാണ് ക്രിസ്മസ് കാലം. എന്നാൽ എത്രയൊക്കെ കേക്കുകൾ രുചിക്കാൻ കിട്ടിയാലും ഓരോ യുകെ മലയാളിയും പറയും ഇതൊക്കെ എന്ത് കേക്ക്... കേക്കൊക്കെ നാട്ടിലേതു തന്നെ. ആ പറച്ചിൽ കേട്ട് കേട്ട് ഒടുവിലിപ്പോൾ കരോൾ സംഘങ്ങളും മറ്റും നാട്ടിൽ നിന്നെത്തിക്കുന്ന കേക്കുകളാണ് യുകെയിലെ വീടുകളിൽ വിതരണം ചെയ്യുന്നത്.

എന്നാൽ യഥാർത്ഥത്തിൽ കേരളത്തിലെ തനത് കേക്കുകളുടെ രുചി പകർച്ച നൽകിയത് സാക്ഷാൽ ബ്രിട്ടീഷ് പാരമ്പര്യം ആണെന്നത് യുകെ മലയാളികൾക്ക് പലർക്കും പുതുമയുള്ള കാര്യം ആകും. അതുകൊണ്ടാണ് നാട്ടിലെ കേക്ക് നല്ലതും യുകെയിലേതു മോശവും ആണെന്ന ചൊല്ല് തന്നെ യുകെ മലയാളികൾക്കിടയിൽ രൂപം കൊണ്ടത്.

നൂറ്റാണ്ടുകളായി ഇഴപിരിയാത്ത കേക്കിന്റെ സുഗന്ധമുള്ള ബന്ധങ്ങൾ

വാസ്തവത്തിൽ ഇന്നും ഏറ്റവും രുചിയുള്ള കേക്കുകൾ കേരളത്തിൽ നിർമ്മിക്കുന്നവർ ബ്രിട്ടീഷ് സായിപ്പ് നൽകിയ ചേരുവകൾ തന്നെയാണ് ഉപയോഗിക്കുന്നതും. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ രുചിപ്പകർച്ച കണ്ടറിഞ്ഞ കുടുംബങ്ങളുടെ നാലാം തലമുറയാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ മർഡോക് ബ്രൗണിന്റെയും മലബാറിലെ മാമ്പള്ളി ബാപ്പുവിന്റെയും തലമുറകളാണ് ഈ കേക്ക് പാരമ്പര്യം പറയാൻ അവകാശം ഉള്ളവർ. രണ്ടു കുടുംബങ്ങളും ഇന്നും കേക്കുകളുടെ ലോകത്താണ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നിന്നെത്തിയ മർഡോക്കിന്റെ പിന്മുറക്കാർ കണ്ണൂരിലെ മമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാരെ കണ്ടു മുട്ടിയതോടെയാണ് ഒരിക്കൽ കൂടി ഇംഗ്ലണ്ടും കേരളവും തമ്മിലുള്ള കേക്കിന്റെ ഇഴപിരിക്കാനാകാത്ത സുഗന്ധം വീണ്ടും മലയാളികളെ ഓർമ്മിപ്പിക്കുന്നത്.

കണ്ണൂരിലെ ബ്രൗണീസ്‌ ബേക്കറി ഉടമ എം കെ രഞ്ജിത്തിന്റെ വീട്ടിലാണ് ഇരു കുടുംബങ്ങളുടെയും കൂടിക്കാഴ്ച നടന്നത്. മാമ്പള്ളി ബാപ്പുവിന്റെ നാലാം തലമുറക്കാരനാണ് രഞ്ജിത്ത്. ഇംഗ്ലണ്ടിൽ നിന്നും മുതുമുത്തച്ഛൻ മർഡോക്കിന്റെ ഓർമ്മകളുമായി പോൽ ബ്രൗൺ, ഭാര്യ ഷേർളി, മകൾ എലീനർ, മകൻ സാം, ബന്ധു അമാൻഡ എന്നിവരാണ് കണ്ണൂർ സന്ദർശനത്തിനും ഓർമ്മകൾക്ക് വീണ്ടും വിത്തുപാകാനും എത്തിയത്. പോൾ ബ്രൗൺ ഇപ്പോൾ ഡെന്റിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്. സാഫോക്കിലെ ആൾഡ്ബർഗിലാണ് ഇദ്ദേശം സേവനം ചെയ്യുന്നത്. ഇനി ഇവിടെ ഇദ്ദേഹത്തിന്റെ സേവനം തേടിയെത്തുന്ന മലയാളികൾക്കും കേക്കിന്റെ വിശേഷങ്ങൾ ധൈര്യമായി പങ്കുവയ്ക്കാനാകും. മർഡോക് ബ്രൗൺ ജോലി ചെയ്ത സ്ഥലവും അദ്ദേഹം മുൻകൈ എടുത്തു സ്ഥാപിച്ച അഞ്ചരകക്കണ്ടി സബ് രജിസ്ട്രാർ ഓഫിസും ഒക്കെ കുടുംബത്തെ കാണിച്ചു നൽകാനും രഞ്ജിത്ത് തയ്യാറായി. പഴയകാല ശേഖരത്തിലെ ചിത്രങ്ങളും ഒരിക്കൽ കൂടി ഇരു കുടുംബങ്ങൾക്കും ഓർമ്മകളുടെ നാളുകളിലൂടെ നടക്കാൻ അവസരവും ഒരുക്കി.

ക്രിസ്മസ് കേക്കുകളിൽ, ചേരുവകളിൽ വൈനും കറുവപ്പട്ടയും കരയാമ്പൂവും ചോക്ലേറ്റും ചേർന്ന തനതു രുചിക്കൂട്ട് മലബാറിൽ അവതരിപ്പിച്ചത് നൂറു വർഷങ്ങൾക്ക് മുൻപ് മർഡോക് ബ്രൗൺ എന്ന സായിപ്പാണ്. പിന്നെയാ നറും രുചി ഇന്ത്യയാകെ പടർന്നു. കേക്കുകളുടെ ലോകത്തു കേരളം സമ്പന്നമായി. അബദ്ധവശാൽ പിന്നീട് പലരും കരുതിയത് ഇത് കേരളത്തിന്റെ സ്വന്തം രുചിക്കൂട്ട് ആണെന്നാണ്. ക്രിസ്മസ് പ്ലം കേക്കുകളിൽ കേരളം വേറിട്ടു നിൽക്കുന്നതും മർഡോക് സായിപ്പിന്റെ ഈ രുചിക്കൂട്ടിലൂടെയാണ്. മധ്യകാലഘട്ടത്തിൽ ഓട്സും ഉണക്കപ്പഴങ്ങളും തേനും സുഗന്ധ വസ്തുക്കളും ഒക്കെ ചേർന്ന് തയ്യാറാക്കപെട്ടിരുന്ന ഭക്ഷണമാണ് പിന്നീട് കേക്ക് ആയി മാറിയത്. ഓട്സ് പൊടിച്ച മാവിനും വെണ്ണയ്ക്കും മുട്ടയ്ക്കും വഴിമാറി കൊടുത്തപ്പോൾ തൊട്ടാൽ കുഴിയുന്ന വിധം മർദ്ദവമായ കേക്കുകളുടെ വരവായി. പിന്നീട് ക്രിസ്മസ് കാലത്തു ബ്രിട്ടീഷ് കോളനിവാഴ്ച ഉള്ള രാജ്യങ്ങളിലെ പുരുഷന്മാർക്ക് കഴിക്കാനായി ഇംഗ്ലണ്ടിൽ നിന്നും എത്തിയ കേക്കുകളാണ് കേരള രുചിയോടെ പ്ലം കേക്ക് രൂപം കൊള്ളാൻ കാരണമായത്.

മർഡോക് സായിപ്പിന്റെ രുചിയിൽ തലശേരിയിൽ പിറന്ന ക്രിസ്മസ് കേക്ക്

തലശേരിയിൽ സ്വന്തമായി മാമ്പള്ളി റോയൽ ബിസ്‌കറ്റ് ഫാക്ടറി ഉണ്ടായിരുന്ന മാമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇന്ത്യയിൽ കേക്ക് ബെയ്ക്ക് ചെയ്തെടുത്ത് എന്നാണ് കഥകളും ചരിത്രവും പറയുന്നത്. ക്രിക്കറ്റും സർക്കസും പിറന്ന തലശേരിയിൽ തന്നെ കേക്കും പിറന്നപ്പോൾ ഇംഗ്ലീഷിൽ എഴുതുമ്പോൾ മൂന്നും തുടങ്ങുക സി (cricket, circus, cake) എന്ന അക്ഷരത്തിൽ ആയതോടെ തലശ്ശേരിക്ക് ത്രീ സി എന്ന ചുരുക്കപ്പേരും വീണുകിട്ടി. മർഡോക് പ്രഭു എന്നറിയപ്പെട്ടിരുന്ന തലശേരിയിലെ സിന്നാമൻ പ്ലാന്റേഷൻ ഉടമ മർഡോക് ബ്രൗൺ ആണ് മാമ്പള്ളി ബാപ്പുവിനോട് തനിക്കായി ക്രിസ്മസ് കേക്ക് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. തന്റെ കറുവപ്പട്ട പ്ലാന്റേഷനിലെ കുതിരവണ്ടിയിൽ ബാപ്പുവിന്റെ ബേക്കറിയിൽ എത്തിയ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും എത്തിയ കേക്ക് കാണിച്ചു ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ എന്ന് ആവശ്യപ്പെടുക ആയിരുന്നു. കേക്ക് ഉണ്ടാക്കേണ്ട രീതികളും വിശദീകരിച്ചു.

ഒട്ടും മടിക്കാതെ പത്തു ദിവസമാണ് ബാപ്പു ആവശ്യപ്പെട്ടത്. അതൊരു ചരിത്രത്തിന്റെ തുടക്കമാവുക ആയിരുന്നു. കേക്കിനുള്ള ചേരുവകളും മർഡോക് തന്നെ ബാപ്പുവിന് നൽകി. ഫ്രഞ്ച് വിസ്‌കി ചേർക്കാൻ സായിപ്പ് പറഞ്ഞപ്പോൾ ബാപ്പു കദളിപ്പഴവും കശുമാങ്ങയും ചേർത്ത് ഉണ്ടാക്കിയ അസൽ വാറ്റ് ചാരായത്തിലാണ് ആദ്യ കേക്ക് നിർമ്മിച്ചത്. തുടർന്ന് കേക്കിന്റെ ലോകത്തു ബാപ്പുവിന്റെ പേരും മാറ്റിവയ്ക്കാനാകാത്തതായി. ബാപ്പുവിന്റെ പിന്മുറക്കാർ ബേക്കറി ലോകത്തു വിസമയങ്ങൾ സൃഷ്ടിച്ചു ഇന്നും തലശ്ശേരിയിലും കണ്ണൂരും ഒക്കെ തിളങ്ങി നിൽക്കുന്നു. ഉണ്ണിയേശുവിനെ സന്ദർശിക്കാൻ എത്തിയ രാജക്കന്മാർ കാഴ്ചദ്രവ്യമായി സുഗന്ധ വ്യഞ്ജനങ്ങൾ നൽകിയതിന്റെ ഓർമ്മയ്ക്കായാണ് കേക്കിൽ കറുവപ്പട്ടയും ഗ്രാമ്പുവും ഒക്കെ ഇടം പിടിക്കാൻ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു.