കൊല്ലം: ആ അമ്മ കരയുകയാണ്. മകലുടെ ക്രൂരതയെ കുറിച്ച് അറിഞ്ഞ്. നാട്ടിൽ എല്ലാവരും അറിഞ്ഞു. മകളുടെ ക്രൂരത മൊബൈലിലും ടിവിയിലും കണ്ടാണ് അമ്മ അറിഞ്ഞത്. അറുപത്തിയേഴാം വയസ്സിൽ ആ അമ്മയ്ക്ക് താങ്ങാനാവുന്നതിലും അധികം വേദനയാണ് മകൾ നൽകുന്നത്. കൊല്ലത്ത് പഠിക്കാൻ പോയി ചാത്തന്നൂരുകാരനൊപ്പം പോയ അനിതാ കുമാരി. വീടും വസ്തുവുമെല്ലാം എഴുതി വാങ്ങി പുറത്താക്കാൻ നോക്കിയിട്ടും ഈ അമ്മ പൊരുതി നിന്നു. പക്ഷേ കുറേ നാളായി ഒരു ബന്ധവുമില്ലാത്ത മകൾ അനിതാ കുമാരിയുടെ തട്ടിക്കൊണ്ടു പോകൽ പദ്ധതി ഈ അമ്മയേയും കരയിക്കുന്നു. വേദന മറുനാടനോട് അമ്മ പറഞ്ഞത് കണ്ണീരുമായാണ്.

ഓച്ചിറയിലെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ അനിതാ കുമാരിയെന്ന പത്മകുമാറിന്റെ ഭാര്യയുടെ പ്ലാനിങാണെന്നാണ് എഡിജിപി എംആർ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പ്രണയത്തിൽ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടിൽ അനിതകുമാരി പോയിട്ടില്ല. കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി . ഇപ്പോൾ അനിതകുമാരിയുടെ കുടുംബവീട്ടിൽ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്. അച്ഛൻ കുറച്ചു കാലം മുമ്പ് മരിച്ചു. അന്നും അനിതാ കുമാരി വീട്ടിലെത്തിയിരുന്നില്ല. സ്വത്തിനെ ചൊല്ലിയുള്ള ചതിയായിരുന്നു ഇതിന് കാരണം.

67 വയസ്സായി..24 വർഷം മുമ്പ് കൊല്ലത്ത് പഠിക്കാൻ പോയി പത്മകുമാറിനൊപ്പം ഇറങ്ങി പോയ മകൾ. പിന്നീട് വീട്ടുകാർ തന്നെ കല്യാണവും നടത്തി. സഹകരണവും ഉണ്ടായിരുന്നു. കുറച്ചു കാലം അങ്ങനെ പോയി.. മുതലിന് വേണ്ടി എല്ലാം തകർത്തു-അമ്മ പറയുന്നു. ആ വസ്തു കൊടുത്തിട്ട് മൂന്നാല് വർഷമായി. ആറു മാസത്തെ ലോണിനെന്ന് പറഞ്ഞാണ് എഴുതി വാങ്ങിയത്. ലോൺ എന്ന് പറഞ്ഞതു കൊണ്ടാണ് അങ്ങനെ എഴുതി കൊടുത്തത്. അതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. അതിന് വഴങ്ങിയില്ല. അന്ന് മുതൽ ബന്ധമില്ല-അമ്മ പറയുന്നു. മകൾ ചെയ്ത ക്രൂരത പൊറുക്കാൻ കഴിയാത്തതാണെന്നും അമ്മ പറയുന്നു.

13 സെന്റും വീടുമാണ് എഴുതിയത്. അതിന് മുമ്പ് ഏഴു സെന്റ് വിറ്റ് കാശും കൊടുത്തു. മകളുടെ ക്രൂരതയറിഞ്ഞ് അച്ഛന് വേദനയായി. അത് മരണമായി. കുടുംബ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മകൻ കൊടുക്കുന്നതാണ് ആശ്വാസം. എല്ലാ സഹായവുമായി അയൽക്കാരുമുണ്ട്-അമ്മ പറയുന്നു. ഇ്‌പ്പോൾ ഇതെല്ലാം കേട്ടപ്പോൾ വിഷമമായി. രണ്ടു കാലിനും സുഖമില്ല. എങ്കിലും അയൽക്കാരുടെ അടക്കം സഹായം കൊണ്ട് കഴപ്പമില്ലാതെ പോകുന്നു-അമ്മ വിശദീകരിച്ചത് ഇങ്ങനെയാണ്. മകൾ വസ്തു ഈടുവച്ച് ലോൺ എടുത്തോ എന്ന് പോലും അറിയില്ല. ഏതായാലും ബാങ്ക് നോട്ടീസൊന്നും ഇതുവരെ വന്നിട്ടില്ലെന്ന് അമ്മ പറയുന്നു. മകൾക്ക് മുമ്പ് ക്രൂരയായിരുന്നില്ല. എന്താണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് അറിയില്ല. എന്തായാലും ക്രൂരമായി പോയി-ഇതാണ് അമ്മയ്ക്ക് പൊതു സമൂഹത്തോട് പറയാനുള്ളത്.

വർഷങ്ങൾക്ക് മുമ്പ് അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാർ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ നല്ല ബന്ധത്തിലാവുകയും ചെയ്തു. പത്മകുമാറിന് വേണ്ടി ബാങ്കിൽ നിന്ന് ലോണെടുക്കുവാൻ ആയി അനിതകുമാരി തന്ത്രത്തിൽ പിതാവിന്റെ കൈയിൽനിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വർഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും എടുത്ത് നൽകാത്തതിനെ തുടർന്ന് ്മാതാപിതാക്കൾ അനിതകുമാരിയുമായി സ്ഥിരം വഴക്കായിരുന്നു. അതിനുശേഷം പിന്നീട് അനിതകുമാരി കുടുംബവീട്ടിലേക്ക് പോകാതെയായി.

അതിന് ശേഷമാണ് അജിതകുമാരിയുടെ അച്ഛൻ മരിച്ചത്. എന്നാൽ അച്ഛൻ മരിച്ചിട്ട് പോലും ഈ വീട്ടിലേക്ക് അനിതകുമാരിയും മകളും ഭർത്താവും ഒന്നും വന്നില്ല. പിതാവിന്റെ മരണശേഷം ആരുമില്ലാതെ വന്നതോടുകൂടി വാർഡ് മെമ്പർ ആയ ജലജ കുമാരി ഈ അമ്മയും കൂട്ടി ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിൽ പോയിരുന്നു. എന്നാൽ അവിടെ വച്ച് പത്മകുമാർ ഈ അമ്മയെ ഉപദ്രവിക്കുകയും വളർത്ത് നായയെ അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി അവരെ അവിടെ നിന്നും ഇറക്കി വിടുകയും ചെയ്തു. അനിതകുമാരിയും , അനുപമയും ചേർന്ന് ഈ അമ്മയെ ഒരുപാട് ആക്ഷേപങ്ങൾ പറയുകയും അപമാനിക്കുകയും ചെയ്തു. അതിനുശേഷം അമ്മയുമായി കാണുകയോവിളിക്കുകയാ ചെയ്തിട്ടില്ല. അനിതകുമാരിക്ക് ഒരു സഹോദരനുണ്ട്. ഈ സഹോദരനുമായിട്ടും കഴിഞ്ഞ 15 വർഷക്കാലമായി സഹകരണം ഇല്ലായിരുന്നു.

അന്യായതടങ്കലിൽ പാർപ്പിച്ച് മോചനദ്രവ്യം കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഗൂഢാലോചനയാണ് ഓയൂർ ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് റിമാൻഡ് റിേപ്പാർട്ട് പറയുന്നു. പ്രതികളായ പത്മകുമാർ (51), ഭാര്യ അനിതകുമാരി (39), മകൾ അനുപമ (21) എന്നിവരെ 14 ദിവസത്തേക്കാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി (രണ്ട്) മജിസ്ട്രേറ്റ് എസ്.സൂരജ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മറ്റു രണ്ടുപേരെ അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും അയച്ചു.