പാലക്കാട്: തന്നെ തമ്പുരാൻ രക്ഷിക്കുമെന്നും തന്നെ ചിലർ ചേർന്നു പെടുത്തിയതാണെന്നും കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ മറുനാടനോട്. തൃശൂർ പീച്ചി സ്വദേശിയും വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറുമായ സി.എൽ ഔസ്യേപ്പിനെയണ് കഴിഞ്ഞ ദിവസം സർവ്വീസിൽനിന്നും പിരിച്ചുവിട്ടത്.

എന്നാൽ താൻ തെറ്റുകാരനെല്ലെന്നും തന്നെ പെടുത്തുന്ന രീതിയിൽ സി.സി.ടി.വി ദിശ്യം ചെറിയ വശം മാത്രം ാണിക്കുകയായിരുന്നുവെന്നുമാണ് സി.എൽ ഔസ്യേപ്പ് പറയുന്നത്. താൻ ആർത്മാർഥമായി ജോലിചെയ്തിരുന്ന വ്യക്തിയാണ്. ഇതുകൊണ്ടുതന്നെ തനിക്ക് ഒരുപാട് ശത്രുക്കളുമുണ്ടായിരുന്നു. ഒരു അവസരം കിട്ടാൻ കാത്തുനിൽക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായതെന്നും അവസരം മുതലെടുത്ത തന്നെ പുറത്താക്കുകയായിരുന്നു. എന്നാൽ എന്നെ തമ്പുരാൻ രക്ഷിക്കും. ഞാൻ ഇന്നും പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യാഥാർഥ്യം പുറത്തുവരും. കുടുംബംപോറ്റാൻ ഇനി പുല്ലുവെട്ടാനും കൂലിപ്പണിക്കും പോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഔസേപ്പ് പറഞ്ഞു.

12വർഷമായി താൻ സർവ്വീസിൽ കയറിയിട്ട്. ഈ കാലയളവിനുള്ളിൽ ഇതുവരെ പൊലീസ് കേസുണ്ടാകുന്ന തരലത്തിലുള്ള ഒരു അപകടവും എന്നിൽനിന്നും ഉണ്ടായിട്ടില്ല. സത്യം അറിയാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. എന്നെ കുറിച്ച് അറിയണമെങ്കിൽ എന്റെ നാട്ടിലും , ഞാൻ ജോലിചെയ്യുന്ന ഇടത്തെ സഹപ്രവർത്തകരോടും ചോദിക്കണം അപ്പോഴെ യാഥാർഥ്യം അറയു.. അപകട ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്ന് പറയുന്നത്. ഇത് ചെറിയൊരു ഭാഗം മാത്രമാണ് അവർ കണ്ടത്. ആ വീഡിയോയുടെ പൂർണ ഭാഗം കണ്ടാൽ ഇവർ നിലപാട് മാറ്റും. ഇക്കാര്യത്തെ കുറിച്ചു താൻ ഒരു മാധ്യമങ്ങളോടും ഇതുവരെ സംസാരിച്ചിട്ടില്ല. തന്റെ ഭാഗം ആരും കേൾക്കാനും ശ്രമിച്ചിട്ടില്ലെന്നും സി.എൽ ഔസ്യേപ്പ് പറഞ്ഞു.

തനിക്കെതിരെയുണ്ടായ നടപടിക്കെതിരെ നിയമപരാമായി നേരിടും. അഭിഭാഷകൻ വഴി വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഔസേപ്പ് പറഞ്ഞു. അതേ സമയം ദുശ്ശീലങ്ങളൊന്നും ഇല്ലാത്തയാളാണ് ഔസേപ്പെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു ലഹരിയും ഉപയോഗിക്കാത്ത വക്തിയാണെന്നും പ്രൈവറ്റ് ബസുകളോടൊപ്പം മത്സരിച്ച് പരമാവധി ആളുകളെ ബസിൽകയറ്റാൻ ശ്രമിക്കാറുണ്ടെന്നും വടക്കഞ്ചേരി ഡിപ്പോയിലെ സഹപ്രവർത്തകർ പറഞ്ഞു. മൂന്നുമക്കളാണ് ഔസേപ്പിനുള്ളത് മക്കളെല്ലാം വിദ്യാർത്ഥികളാണ്.അപ്പൻ അടുത്തിടെയാണ് മരിച്ചത്.

പാലക്കാട് കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലാണ് വടക്കഞ്ചേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.എൽ ഔസ്യേപ്പിനെ പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

ഔസേപ്പ് ജോലിയിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് പിരിച്ചുവിട്ടതെന്നും അധികൃതർ പറഞ്ഞു. കിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവർ മരിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്ന് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തിരുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. തുടർന്ന് ഡ്രൈവറെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ പുറത്താക്കി തീരുമാനം വന്നത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അധികൃതർ വ്യക്തമാക്കി.