ലണ്ടൻ: കോടികളുടെ പണം കൈമാറ്റം നടത്തിയെന്ന കേസിൽ യുകെയിലെ ക്രോയ്‌ഡോൺ ദമ്പതികളും കൊല്ലം പരവൂർ സ്വദേശികളുമായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ പരാതി. കേരളത്തിലും യുകെയിലും അനേകം പേരുടെ പണം കൈവശപ്പെടുത്തിയ ദമ്പതികൾ ഒരാളെപ്പോലും യുകെയിൽ എത്തിക്കുകയോ ജോലി നൽകുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. മാസങ്ങളായി കാത്തിരിപ്പ് തുടർന്നിട്ടും ആർക്കും പണം ലഭ്യമായിട്ടില്ല. എന്നാൽ യുകെയിൽ ഉള്ള ഒരു യുവതി നിന്ന നിൽപ്പിൽ നൽകിയ രൂപയും തിരികെ വാങ്ങിയതായും വിവരം പുറത്തു എത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അനുവിന്റെ അമ്മയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എത്രയും പെട്ടെന്ന് പരാതിക്കാരനായ അഭിലാഷിന് പണം മടക്കി നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. യുകെയിൽ എത്തിക്കാൻ 12 ലക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന് ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയാണ് അഭിലാഷ് നൽകിയത്. കടകളിലും മറ്റും കൂലിപ്പണി ചെയ്തു കിട്ടിയ പണം ആയതിനാൽ തനിക്കതു വിട്ടു കളയാൻ ആകില്ലെന്നും അതിനാലാണ് പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ തീരുമാനിച്ചത് എന്നും അഭിലാഷ് വ്യക്തമാക്കി.

രണ്ടു വർഷം മുൻപാണ് ദമ്പതികളായ ദിലീപും അനുവും വിസ കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഏറെക്കാലമായി തൊഴിൽ ഒന്നും ചെയ്യാതെ കഴിഞ്ഞിരുന്ന ഇവർ പണം സമ്പാദിക്കാനുള്ള വഴിയായിട്ടാണ് കെയർ വിസ തട്ടിപ്പിന് ഇറങ്ങിയതെന്നു യുകെയിൽ പണം നൽകിയവർ പറയുന്നു. യുകെയിൽ നാലായിരം പൗണ്ട് വീതം നൽകിയ ഒരു ഡസനോളം യുവതികൾ ഏതാനും മാസമായി ഇവരെക്കുറിച്ചു റിപ്പോർട്ടിങ് നടത്തിയിരുന്നു.

തുടർന്ന് അഭിഭാഷകർ അടക്കമുള്ള കാമ്പയിൻ ഗ്രൂപ്പിന്റെ സഹായത്തോടെ ദമ്പതികൾ നടത്തുന്ന എ ആൻഡ് ഡി കെയർ കമ്പനിക്ക് എതിരെ ഹോം ഓഫിസിൽ പരാതി നൽകിയിരിക്കുകയാണ് യുകെയിൽ പണം നഷ്ടമായവർ. നിയമപരമായി ആര് നീങ്ങിയാലും നടപടികൾക്ക് കാലതാമസം എടുക്കും എന്ന ധൈര്യമാണ് തുടർ തട്ടിപ്പിന് ദമ്പതികൾക്ക് ധൈര്യമേകിയത്. രണ്ടു വർഷം മുൻപ് നോർത്ത് വെയ്ൽസിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെ കേസുണ്ടായ ശേഷം വീണ്ടും ദമ്പതികൾ നേരിടുന്ന വിസ കേസായി മാറുകയാണ് ക്രോയ്‌ഡോൺ സംഭവം.

കടയിൽ ജോലിക്ക് പോയി നിത്യവൃത്തി കണ്ടെത്തിയിരുന്ന അഭിലാഷിന് പോയത് മൂന്നു ലക്ഷം രൂപ, വിടില്ലെന്ന് പരാതിക്കാരൻ

ഒരു കടയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് അഭിലാഷ് ഭാസ്‌കർ എന്ന യുവാവ്. നാട്ടുകാരൻ കൂടി ആയതുകൊണ്ടാണ് അധ്വാനിച്ചു ഉണ്ടാക്കിയ പണം ദിലീപിന് കൈമാറിയതെന്നും അഭിലാഷ് പറയുന്നു. ഏറെക്കാലമായി യുകെയിൽ ഉള്ളവർ ആയതിനാൽ പറ്റിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.ആകെ ആവശ്യപ്പെട്ടത് 12 ലക്ഷം ആയിരുന്നെന്നും ബാക്കി പണം ആരോടെങ്കിലും കടം വാങ്ങി നൽകാം എന്നുമായിരുന്നു പ്ലാൻ. എന്നാൽ ആദ്യ ഗഡു നൽകിയ ശേഷം ഒരു വിവരവും ഇല്ലാതായതോടെ സംശയം തോന്നുക ആയിരുന്നു. ഓരോ തവണ ബന്ധപ്പെടുമ്പോഴും അവധികൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ വഞ്ചിക്കപ്പെട്ടു എന്നുറപ്പായതോടെയാണ് കേസിന് തയ്യാറായത്. അനുവിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിനാൽ കേരള പൊലീസിൽ നിന്നും ഇടപെടൽ ഉണ്ടാകും എന്ന ഉറപ്പാണ് ഇപ്പോൾ അഭിലാഷിന്റെ ധൈര്യം. ഇന്നലെ പരവൂർ സ്റ്റേഷനിൽ വിളിപ്പിച്ച് അനുവിന്റെ അമ്മയെ താക്കീത് ചെയ്തു വിട്ടയ്ക്കുക ആയിരുന്നു. ബന്ധുക്കളിൽ പലരും ദിലീപിന്റെയും അനുവിന്റെയും കച്ചവടത്തിൽ ഒരേ സമയം ഇരകളും പങ്കാളികളും ആണെന്നും ആക്ഷേപമുണ്ട്.

എന്നാൽ ക്രോയിഡോണിൽ ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരംകാരൻ ഷിബുവിന്റെ നാട്ടിലെ ഉറ്റ ബന്ധുക്കളുടെ അക്കൗണ്ടിൽ ദിലീപും അനുവും പണം ഇടാൻ ഇരകളോട് നിർദ്ദേശിച്ചത് ഈ കച്ചവടത്തിൽ കൂടുതൽ പങ്കാളികൾ ഉണ്ടെന്ന സംശയം ജനിപ്പിക്കുകയാണ്. എന്നാൽ കമ്പനി ഹൗസിൽ എല്ലാ തട്ടിപ്പുകാരെയും പോലെ അനുവും ദിലീപും 13 പൗണ്ട് മുടക്കി ഒരു കമ്പനി അഡ്രസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മെയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ നിന്നും രണ്ടു മാസം കഴിഞ്ഞപ്പോൾ ഡയറക്ടർ ആയ അനു രാജി വയ്ക്കുകയും ചെയ്തു. ഇപ്പോൾ ഭർത്താവായ ദിലീപ് മാത്രമാണ് ഡയറക്ടർ പോസ്റ്റിൽ നിലനിൽക്കുന്നത്. ഈ കമ്പനിക്ക് എതിരെ മാസങ്ങൾക്ക് മുൻപേ യുകെയിൽ വഞ്ചിക്കപ്പെട്ടവർ തെളിവുകൾ നൽകിയതാണെങ്കിലും കേസ് രജിസ്റ്റർ ചെയ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് വാർത്ത നൽകാതിരുന്നത്.

പാളിയത് കെന്റിൽ നടത്തിയ നിക്ഷേപം, റിക്രൂട്ടിങ് ലൈസൻസും കിട്ടിയില്ല

അതിനിടെ കെന്റിൽ ഒരു നഴ്സിങ് ഹോമിൽ ദമ്പതികൾ നടത്തിയ ഒന്നരക്കോടിയുടെ നിക്ഷേപം വെള്ളത്തിലായതായും സൂചനയുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ചാറ്റുകൾ ചോർന്നതോടെയാണ് ഈ വിവരം പുറത്തു എത്തിയത്. തുക ഇതിലും ഉയർന്നത് ആകാനും സാധ്യതയുണ്ട് എന്ന് ഇരകളായവർ ആരോപണം ഉയർത്തുന്നു.

ഇതിനിടയിൽ ഇരകളുമായി തുടക്കത്തിൽ ബന്ധപ്പെട്ട ക്രോയ്‌ഡോണിലെ അനൂപിന്റെ പണവും നഷ്ടമായതായി യുകെയിൽ കിംവദന്തി ഉയർന്നതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ തനിക്ക് പണം നഷ്ടം വന്നിട്ടില്ലെന്ന് അനൂപ് ശശി വെളിപ്പെടുത്തി. എന്നാൽ താൻ മുഖേന വഞ്ചനയ്ക്കിരയായ ആളുകളുടെ പണം നൽകാൻ ഉള്ള ബാധ്യതയിൽ തന്റെ പേരും എത്തിയ ധർമ്മ സങ്കടത്തിലാണ് ഇപ്പോൾ എന്നും ഇയാൾ പറയുന്നു. ജോലിക്ക് ആവശ്യമായവരെ സംഘടിപ്പിച്ചു നൽകിയാൽ കമ്മീഷൻ നൽകാം എന്ന പ്രലോഭനമാണ് തന്നെ ദമ്പതികളുടെ കച്ചവടത്തിലേക്ക് ആകർഷിച്ചതെന്നും അനൂപ് പറയുന്നു. ദിലീപുമായുള്ള സംഭാഷണത്തിന്റെ തെളിവുകളും അനൂപ് വിശ്വാസ്യതയ്ക്കായി കൈമാറിയിട്ടുണ്ട്.

എന്നാൽ യുകെയിൽ ജോലിക്ക് പണം വാങ്ങുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് എന്തിന് ഈ ചതിക്കൊപ്പം നിന്നു ചോദ്യത്തിന് തനിക്ക് ഈ ബിസിനസിന്റെ ഉള്ളുകള്ളികൾ അറിഞ്ഞു കൂടായിരുന്നു എന്നാണ് അനൂപ് നൽകുന്ന വിശദീകരണം. അനൂപ് മുഖേനെ പത്തോളം പേരുടെ എങ്കിലും ജോലി അപേക്ഷകളാണ് ദിലീപ് - അനു ദമ്പതികളുടെ എ ആൻഡ് ഡി കമ്പനിയിൽ എത്തിയിരിക്കുന്നത്. അതിനിടെ കേംബ്രിഡ്ജിൽ ഉള്ള മലയാളി കൗൺസിലർ മുഖേനെ കേരളത്തിൽ ദിലീപിനും അനുവിനും എതിരെ കേസ് നടത്താൻ ഉള്ള ആലോചനയിലാണ് താനെന്നും അനൂപ് വെളിപ്പെടുത്തുന്നു.

തട്ടിപ്പിന്റെ വല നീണ്ടത് തമിഴരിലേക്കും, തട്ടിപ്പുകാരെ ലക്ഷ്യം വച്ച് മറഞ്ഞിരുന്നു കുരുക്കൊരുക്കുന്ന ചെറുപ്പക്കാരായ ഹീറോകൾ

ഇതുവരെ യുകെ കെയർ വിസ തട്ടിപ്പ് മലയാളികൾക്ക് ഇടയിൽ ഒതുങ്ങി നിന്ന സംഭവം ആയിരുന്നെങ്കിൽ ആദ്യമായി അയൽസംസ്ഥാനക്കാർ കൂടി ഇരകളായ വിസാ തട്ടിപ്പാണ് ദിലീപും അനുവും ഏറ്റെടുത്തത് എന്ന തെളിവും ലഭ്യമായി. ക്രോയ്‌ഡോൺ സ്വദേശികളായ ചില തമിഴ് വംശജരുടെ പണമാണ് നഷ്ടമായത് എന്ന് വ്യക്തമായിട്ടുണ്ട്. മാർച്ച് ഏഴിന് ഇന്ത്യൻ ബാങ്കിന്റെ നാമക്കൽ ബ്രാഞ്ചിൽ നിന്നും വിസയ്ക്കായി 6.12 ലക്ഷം രൂപ ദിലീപ് നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചതിന്റെ രസീത് ഇപ്പോൾ കൊല്ലം പൊലീസിനും കൈമാറിയിട്ടുണ്ട്. ഇവർ തമിഴ്‌നാട്ടിലും കേസ് നൽകാൻ തയ്യാറെടുക്കുകയാണ്.

തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തിന്റെ പണമാണ് ദിലീപും ഭാര്യ അനുവും ലണ്ടനിൽ ആഘോഷ ജീവിതം ആസ്വദിക്കാൻ കൈപ്പറ്റിയത് എന്നും പരാതിക്കാർ പറയുന്നു. താൻ എട്ടു വർഷമായി വിസ കച്ചവടം നടത്തുന്നതെന്ന് ദിലീപ് ഇടപാടുകാരുമായി നടത്തിയ സംഭാഷണത്തിൽ വെളിപ്പെടുത്തിയതിലൂടെ കോടികൾ ഇതിനകം സമ്പാദിച്ചു എന്നും സൂചനയുണ്ട്. വർഷങ്ങളായി ജോലി ചെയ്യാതെ ക്രോയിഡോണിൽ ജീവിക്കാൻ കഴിയുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരവും ദിലീപ് അറിയാതെ റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണ ശകലം തന്നെയാണ് തെളിവായി മാറുന്നതും.

ചെറുപ്പക്കാരായ വിസ അപേക്ഷകരെ നിസാരക്കാരായി കണ്ടതും ദിലീപിനെ പോലെ ഉള്ള വിസ കച്ചവടക്കാരുടെ കള്ളത്തരം പൊളിയാനും കാരണമാണ്. ഒരൊറ്റ ഫോൺ നമ്പർ വച്ച് വിസ കച്ചവടക്കാരുടെ സോഷ്യൽ മീഡിയ അകൗണ്ടും ഫോണിലുള്ള രഹസ്യങ്ങളും ചോർത്തിയെടുക്കുന്ന ചെറുപ്പക്കാരാണ് ഇപ്പോൾ രേഖകൾ സഹിതം വിസ തട്ടിപ്പ് വാർത്തകൾ പുറത്തു വരുന്നതിനു പിന്നിലെ യഥാർത്ഥ ഹീറോകൾ.

അഭിലാഷ് ഭാസ്‌കർ പരവൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ ഉള്ളടക്കം

ബഹുമാനപ്പെട്ട സാർ പരവൂർ ഭാസ്‌കര വിലാസത്തിൽ അഭിലാഷ് എന്ന് ഞാൻ രേഖാമൂലം അറിയിക്കുന്ന പരാതിയാണിത്. ഞാൻ കഴിഞ്ഞ 13 വർഷമായി പരവൂരിൽ ഒരു ഹാർഡ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നു. സമീപകാലത്തായി ഞാൻ വിദേശത്തും പോകാനായി ഒരു ശ്രമം നടത്തുകയുണ്ടായി എന്റെ സഹോദരി യുകെയിൽ ആണ് ഇപ്പോൾ ഉള്ളത്. സഹോദരിയുമായി സംസാരിച്ചപ്പോൾ അവിടെ എന്റെ നാട്ടുകാരനായ ഒരു ഏജന്റ് ഉണ്ട് എന്ന് അറിയുകയും പുള്ളി നിരവധി ആൾക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അവരുടെ അന്വേഷണത്തിൽ അറിയുകയും ചെയ്തു. എന്റെ വീടിനടുത്തുള്ള ദിലീപ് എന്ന് പറയുന്ന വ്യക്തിയാണ് ഇത്. ദിലീപ് എന്ന വ്യക്തി യുകെയിൽ A&D എന്നുപറയുന്ന ഒരു ഏജൻസി നടത്തുകയാണ്. റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുകയാണ് എന്ന് അറിയുകയും പുള്ളിയുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ദിലീപുമായി സംസാരിച്ചതിന് പശ്ചാത്തലത്തിൽ അയർലൻഡിൽ ഒരു ഷോപ്പിലേക്ക് സ്റ്റോർകീപ്പർ നെ ആവശ്യമുണ്ടെന്ന് അറിയുകയും വേക്കൻസി എനിക്ക് യോജിച്ചതാണ് ഞാൻ മനസ്സിലാക്കുകയും ചെയ്തു.തുടർന്ന് ഇതിനായി ദിലീപിനെ കോൺടാക്ട് ചെയ്തു ദിലീപ് പറഞ്ഞപ്രകാരം ജോലിയിൽ തിരഞ്ഞെടുക്കാമെന്ന് കരുതുകയും ഇതിനായി ജോബ് ലെറ്റർ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ ആദ്യം ദിലീപ് നമ്മോട് പറയുകയുണ്ടായി ദിലീപിന്റെ ഭാര്യയാണ് ഇതുപോലുള്ള കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത്. പേപ്പർ വർക്കുകളും കാര്യങ്ങളൊക്കെ നോക്കുന്നത് ഭാര്യയായ അനുമോഹൻ എന്ന് പറയുന്ന വ്യക്തി ആണെന്ന് നമ്മോട് പറഞ്ഞു.തുടർന്ന് അനുവിന് നമ്മൾ നിരന്തരമായി കോൺടാക്ട് ചെയ്യുകയും ഈ ജോബ് ജോലി എന്താണെന്ന് ചോദിച്ചു മനസിലാക്കി.. അയർലണ്ടിൽ സ്ലൈഗോ സ്പൈസ് എന്ന സ്ഥാപനത്തിൽ വേക്കൻസി ഉണ്ട്.. അതിനായി 11ലക്ഷം രൂപ ആകുമെന്ന് പറഞ്ഞു.. തുടർന്ന് ജോലിയുടെ പേപ്പർ വർക്‌സ് തുടങ്ങാൻ 3,50,000 ആദ്യം അടയ്ക്കാൻ ആവശ്യപ്പെട്ടു.. തുടർന്ന് എന്റെ സഹോദരിയുടെ അക്കൗണ്ടിൽ നിന്നും ദിലീപ് എന്ന് പറയുന്ന വ്യക്തിയുടെ ഭാര്യയുടെ അമ്മയുടെ (അംബികദേവി, ഗംഗ സദനം കുറുമണ്ടൽ)അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു അടച്ചു..ഇതിനു ദിലീപ് കാരണം പറഞ്ഞത് നാട്ടിലുള്ള അമ്മാവിയമ്മക്ക് 3,50,000 കൊടുക്കാൻ ഉണ്ട്. അതുകൊണ്ട് ആ പൈസ നാട്ടിൽ അയച്ചു കൊടുത്താൽ മതിയെന്ന് പറഞ്ഞു. രൂപ അയച്ചതിനു ശേഷം രണ്ട് ആഴ്‌ച്ചക്ക് ശേഷം ഒരു ജോബ് ഓഫർ ലെറ്റർ അയക്കുകയും ചെയ്തു.. എന്നാൽ ഈ ജോബ് ലെറ്റർ കാണിച്ചു ഞങ്ങൾ പലവിധ അനേഷണങ്ങളും നടത്തിയപ്പോൾ ഇത് വ്യാജമായ ജോബ് ലെറ്റർ ആണെന്ന് മനസ്സിലാവുകയും തുടർന്ന് ദിലീപ് നോട് പൈസ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നാളിതുവരെ പൈസ തിരികെ തന്നിട്ടില്ല.ഫോൺ വിളിക്കുമ്പോൾ നാളെ തരാമെന്നു മറ്റന്നാൾ തരാമെന്നു പറഞ്ഞു കബളിപ്പിക്കുകയാണ് ചെയ്യുന്നത്.ദിലീപ് എന്ന വ്യക്തി നാട്ടിലും യുകെയിലും അടക്കം ഒരുകോടി 80 ലക്ഷം രൂപ പലരിൽ നിന്നും തട്ടിച്ചതായി അറിയാൻ കഴിഞ്ഞു. ഇതിനെതിരെ യൂട്ഊബർ ആയ അനീഷ് എബ്രഹാം വീഡിയോ ചെയ്തിട്ടുണ്ട്. ദിലീപിനെതിരെ തട്ടിപ്പിനിരയായവർ കേസ് കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട്. നാട്ടിൽ വന്ന് തിരിച്ചു പോകുന്ന സമയത്ത് പത്തിരുപത് പേരുടെ കയ്യിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പൈസ വാങ്ങിയിട്ടാണ് ദിലീപ് തിരിച്ച് യുകെയിലേക്ക് പോയത്. പൈസ കിട്ടാനുള്ളവർ ദിലീപിനെ വിളിക്കുമ്പോൾ എന്നാ കൊണ്ടുപോയി കേസ് കൊടുക്കാനാണ് പറയുന്നത്. കേരള പൊലീസിന് ഇതിലൊന്നും ചെയ്യാൻ ആവില്ല എന്ന ധാരണയാണ് ദിലീപിന് ഉള്ളത്. ഇതിന്റെ തെളിവുകൾ എല്ലാം ഞങ്ങളുടെ കൈവശമുണ്ട്. ദിലീപ് യുകെയിൽ ഇരുന്ന് നാട്ടിലുള്ളവരെ വിളിക്കുകയും ജോലി വാഗ്ദാനം ചെയ്ത് പൈസ നാട്ടിലുള്ള അമ്മാവിയമ്മയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുമാണ് പറയുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ലണ്ടനിൽ ഉള്ളവർക്ക് ദിലീപിനെതിരെ കേസ് കൊടുക്കാൻ ആകുന്നില്ല.നാട്ടിലുള്ളവർ നാട്ടിലെ സ്റ്റേഷനിൽ കംപ്ലൈന്റ്‌റ് കൊടുക്കമ്പോൾ ഇത് ലണ്ടനിൽ നടന്ന സംഭവമല്ലേ എന്നാണ് അവർ ചോദിക്കുന്നത്.നിലവിൽ ഞാൻ പരവൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.പക്ഷേ ഇതിനെതിരെ നടപടിയെടുക്കാൻ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ നിയമപരമായി എനിക്ക് നീതി കിട്ടണം . എന്ന് അഭിലാഷ്. ബി(999599****) ദിലീപ് (ലത മന്തിരം) +447887925****
അംബികദേവി (ദിലീപിന്റെ ഭാര്യ മാതാവ് )
ഗംഗ സദനം, കുറുമണ്ടൽ 884870****
അനീഷ് എബ്രഹാം (യൂട്ഊബർ ) +44747312****
അനൂപ് ശശിധരൻ (ദിലീപിൽ നിന്നും 70 ലക്ഷം രൂപ നഷ്ടപ്പെട്ട വ്യക്തി) +44774302****